ചില്ലറ വിൽപ്പന വിപണിയിൽ വെളിച്ചെണ്ണ വില 450 രൂപ കടന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ വെളിച്ചെണ്ണയുടെ വില കിലോയ്ക്ക് 100 രൂപ വർദ്ധിച്ചു. കൊച്ചിയിലെ മൊത്ത വിൽപ്പന വിപണിയിൽ ഇന്നലെ വെളിച്ചെണ്ണയുടെ വില ക്വിന്റലിന് 38,200 രൂപയിലെത്തി. തൃശൂർ വിപണിയിൽ ക്വിന്റലിന് 38,800 രൂപയായിരുന്നു. കൊപ്ര ക്ഷാമം തുടർന്നാൽ ഓണം വരുമ്പോഴേക്കും വെളിച്ചെണ്ണയുടെ വില 500 രൂപയിലെത്താൻ സാധ്യതയുണ്ട്.
കേരളത്തിലേക്ക് തേങ്ങയും കൊപ്രയും എത്തുന്ന തമിഴ്‌നാട്ടിൽ ഉണ്ടായ ക്ഷാമമാണ് കേരളത്തിലെ വെളിച്ചെണ്ണ വിപണിയെ പ്രതികൂലമായി ബാധിക്കുന്നത്. ചില്ലറ വിൽപ്പന വിപണിയിൽ ഒരു കിലോ വെളിച്ചെണ്ണയുടെ വില 450 മുതൽ 470 രൂപ വരെയാണ്. മൊത്ത വിൽപ്പന വിപണിയിലും ഓരോ ദിവസം കഴിയുന്തോറും വില വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.