ജയ്പൂർ: പാകിസ്ഥാന് വേണ്ടി ചാരപ്രവൃത്തി നടത്തിയതിന് രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ. ജയ്‌സാൽമീർ സ്വദേശിയായ പത്താൻ ഖാനെ ഇന്റലിജൻസ് അറസ്റ്റ് ചെയ്തു. 2013 മുതൽ അതിർത്തിയിലെ വിവരങ്ങൾ ഐഎസ്‌ഐക്ക് (പാകിസ്ഥാൻ ഇന്റർ-സർവീസസ് ഇന്റലിജൻസ്) ഇയാൾ കൈമാറി വരികയായിരുന്നു.
2013 ൽ പത്താൻ ഖാൻ പാകിസ്ഥാൻ സന്ദർശിച്ച് രഹസ്യാന്വേഷണ ഏജൻസി ഉദ്യോഗസ്ഥരുമായി സംസാരിച്ചതായും റിപ്പോർട്ടുണ്ട്. ഇതിനുശേഷം, അദ്ദേഹം പലതവണ പാകിസ്ഥാനിലേക്ക് പോയി. വലിയ തുകകൾ സ്വീകരിച്ച് ചാരപ്രവൃത്തി നടത്തിയതായി കണ്ടെത്തി. 1923 ലെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം പത്താൻ ഖാനെതിരെ കേസെടുത്തിട്ടുണ്ട്.
അതേസമയം, പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന രാജസ്ഥാനിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സംഘർഷമുണ്ടായാൽ സാധാരണക്കാർക്കും സുരക്ഷാ സേനയ്ക്കും അഭയം നൽകുന്നതിനായി ബങ്കറുകൾ ഇതിനകം നിർമ്മിച്ചിട്ടുണ്ട്. അതിർത്തിയിൽ പാകിസ്ഥാൻ കൂടുതൽ സൈനികരെയും വിന്യസിച്ചിട്ടുണ്ട്.