• കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്. പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
• വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തിങ്കളാഴ്‌ച തുറക്കും.
പകൽ പതിനൊന്നരയോടെ നെയ്‌തലക്കാവ് വിഭാഗത്തിനുവേണ്ടി തിടമ്പേറ്റിയ
എറണാകുളം ശിവകുമാർ തെക്കേഗോപുരനട തുറക്കും.
• കേരളത്തിലെ വിനോദ സഞ്ചാര മേഖല കുതിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി
വിജയൻ. കണ്ണൂർ മുഴപ്പിലങ്ങാട് ബീച്ച് ഒന്നാം ഘട്ട വികസനം ഉദ്ഘാടനം ചെയ്ത്
സംസാരിക്കുകയായിരുന്നു അദ്ദേഹം.
• പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുള്ള നടപടികളുടെ ഭാഗമായി
പാകിസ്ഥാനിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിച്ച് ഇന്ത്യ.
ചെനാബ് നദിയിലെ ബഗ്ലിഹർ അണക്കെട്ടിന്റെ ഷട്ടർ താഴ്‌ത്തിയാണ്
പാകിസ്ഥാനിലേക്കുള്ള നീരൊഴുക്ക് കുറച്ചത്.
• പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള ബിഷപ്പുമാരുടെ കോൺക്ലേവ്
ബുധനാഴ്ച ആരംഭിക്കാനിരിക്കെ, വത്തിക്കാനിൽ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ.
ഫ്രാൻസിസ് മാർപാപ്പയുടെ കബറടക്കത്തെ തുടർന്ന് പ്രഖ്യാപിച്ച ഒമ്പത്
ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം ഞായറാഴ്ച അവസാനിച്ചു.
• പ്രതിരോധരംഗത്ത് പുതിയ നേട്ടം അടയാളപ്പെടുത്തി സ്ട്രാറ്റോസ്‌ഫെറിക്
എയര്‍ഷിപ് പ്ലാറ്റ്‌ഫോം ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. മധ്യപ്രദേശിലെ
ഷിയോപുരിൽ ഡിആർഡിഒയുടെ നേതൃത്വത്തിൽ നടത്തിയ കന്നിപരീക്ഷണത്തിൽ എയർഷിപ്പ്
പ്ലാറ്റ്‌ഫോം 17 കിലോമീറ്റർ ഉയരത്തിലേക്ക് സഞ്ചരിച്ച് സെൻസറുകളിൽ
നിന്നുള്ള വിവരങ്ങൾ നിരീക്ഷണകേന്ദ്രത്തിലേക്ക് കൈമാറി.
• സംസ്ഥാനത്ത് പൊലീസും എക്‌സൈും ചേർന്ന് ആവിഷ്‌കരിച്ച ഓപ്പറേഷൻ ഡി ഹണ്ട് സ്‌പെഷൽ ഡ്രൈവ് സജീവമായി തുടരുന്നു.
നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും
ഏർപ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കർശന നിയമനടപടിയെടുക്കുന്നതിന്റെ
ഭാഗമായാണ് ഓപ്പറേഷൻ ഡി ഹണ്ട് സ്‌പെഷൽ ഡ്രൈവ് ആരംഭിച്ചത്.