അണ്ടർ 19 വനിതാ ടി20 ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യക്ക്. ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ യൂത്ത് ടീം ട്രോഫി ഉയർത്തിയത്. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയ ജി തൃഷ ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചു. സ്കോർ: ദക്ഷിണാഫ്രിക്ക 82/10. ഇന്ത്യ 84/1 (11.2)
ക്വലാലംപൂരിലെ ബയുമാസ് ഓവലിൽ നടന്ന മത്സരത്തിൽ ടോസ് നേടി ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. എന്നിരുന്നാലും, മോശം തുടക്കത്തിനുശേഷം, ടീമിന്റെ സ്കോർ 82 റൺസിൽ ഒതുങ്ങി. 18 പന്തിൽ 23 റൺസ് നേടിയ മീകെ വാൻ വോർസ്റ്റാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. ടൂർണമെന്റിലുടനീളം ബാറ്റിംഗിൽ അത്ഭുതകരമായ പ്രകടനം കാഴ്ചവച്ച കേരളത്തിന്റെ ജി തൃഷ ഇത്തവണ ബൗളിംഗിലും തിളങ്ങി. താരം നാല് ഓവറിൽ 15 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. വൈഷ്ണവി ശർമ്മ, ആയുഷി ശുക്ല, പരുണിക സിസോഡിയ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ ഷബ്നം ഷക്കീൽ ഒരു വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ ഇന്ത്യ 11.2 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ജി. തൃഷ 33 പന്തിൽ 44 റൺസും സാനിക ചാൽക്കെ 22 പന്തിൽ 26 റൺസും നേടി. ഓപ്പണർ ജി. കമാലിനിയുടെ (8) വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. കഴിഞ്ഞ തവണ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യ ആദ്യ ലോകകപ്പ് നേടിയിരുന്നു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.