
ലഖ്നൗ: ഉത്തർപ്രദേശിൽ ട്രക്ക് നിയന്ത്രണം വിട്ട് നിരവധി കടകളിലേക്കും വീടുകളിലേക്കും പാഞ്ഞുകയറി മൂന്ന് പേർ മരിച്ചു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക റിപ്പോർട്ട്. തിരക്കേറിയ റോഡിലൂടെ പോവുകയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് സമീപത്തുള്ള സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും ഇടിച്ചുകയറുകയായിരുന്നുവെന്ന് നോർത്ത് പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ (ഡിസിപി) ഗോപാൽ കൃഷ്ണ ചൗധരി പറഞ്ഞു.
ലഖ്‌നൗവിലെ ഇറ്റൗഞ്ജ-മഹോന റോഡിലാണ് അപകടമുണ്ടായത്. സംഭവത്തെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരും സംസ്ഥാന ദുരന്ത നിവാരണ സേനയും (എസ്ഡിആർഎഫ്) സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് എസ്ഡിആർഎഫ് സംഘം സ്ഥിരീകരിച്ചു.
അപകടത്തിൽ പരിക്കേറ്റവരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയിലുള്ളവരുടെ ആരോഗ്യ നിലയെക്കുറിച്ച് പ്രതികരിക്കാൻ അധികൃതർ തയാറായിട്ടില്ല. അപകടത്തിനിടയാക്കിയ ട്രക്ക് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവ സ്ഥലത്ത് ഫോറൻസിക് സംഘം എത്തി പരിശോധന നടത്തും. ട്രക്കിന് നിയന്ത്രണം നഷ്ടപ്പെട്ടതെങ്ങനെ എന്നത് വ്യക്തതയില്ല. അപകടത്തെ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് ഡിസിപി ഗോപാൽ കൃഷ്ണ അറിയിച്ചു.