തിരുവനന്തപുരം : സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന വേൾഡ് എക്കണോമിക് ഫോറം അംഗീകരിച്ച വ്യവസായ ക്ലസ്റ്ററുകളിൽ ഒന്നാമതായി ഇടംപിടിച്ച് കേരള ഗ്രീൻ ഹൈഡ്രജൻ വാലി. ആഗോളതലത്തിൽ അംഗീകരിച്ച 13 ക്ലസ്റ്ററുകളിൽ ആദ്യത്തേതാണിത്. 18,542 കോടിയുടേതാണ് കൊച്ചിയിൽ ആരംഭിക്കുന്ന കേരള ഗ്രീൻ ഹൈഡ്രജൻ വാലി പദ്ധതി.
ഇന്ത്യ, ഓസ്‌ട്രേലിയ, ബ്രസീൽ, കൊളംബിയ, യുകെ തുടങ്ങി ഒമ്പതു രാജ്യങ്ങളിലായാണ് 13 ക്ലസ്റ്ററുകൾ. കേരള ഗ്രീൻ ഹൈഡ്രജൻ വാലി ഉൾപ്പെടെ അഞ്ച് ക്ലസ്റ്ററുകൾ ഇന്ത്യയിലാണെന്ന് വ്യവസായ മന്ത്രി പി രാജീവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. കാർബൺ വികിരണം കുറയ്‌ക്കുക, സാമ്പത്തിക വളർച്ച ഉറപ്പാക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയ്‌ക്ക് പ്രധാന്യം നൽകുന്ന പദ്ധതികളാണ് പട്ടികയിൽ ഇടംപിടിച്ചത്. ഒഡിഷയിലെ ഗോപാൽപുർ ഇൻഡസ്ട്രിയൽ പാർക്ക്, ആന്ധ്രപ്രദേശിലെ കാക്കിനഡ ക്ലസ്റ്റർ, ഗുജറാത്തിലെ മുന്ദ്ര ക്ലസ്റ്റർ, മുംബൈയിലെ ഗ്രീൻ ഹൈഡ്രജൻ ക്ലസ്റ്റർ എന്നിവയാണ് ഇന്ത്യയിൽനിന്ന് ഇടംപിടിച്ച മറ്റ് ക്ലസ്റ്ററുകൾ.
റിഫൈനറി, വളംനിർമാണം, റോഡ് ഗതാഗതം, ജലഗതാഗതം, രാസവസ്‌തുക്കൾ, കയറ്റുമതി തുടങ്ങി ആറുമേഖലകളിലാണ് കേരളത്തിലെ ഹരിത ഹൈഡ്രജന്റെ ആവശ്യം കേന്ദ്രീകരിച്ചിരിക്കുന്നത്. 30 മില്യൺ ഡോളറിന്റെ നിക്ഷേപമാണ് ഹൈഡ്രജൻ വാലി പ്രതീക്ഷിക്കുന്നത്. 2040ൽ 100 ശതമാനം ഹരിതോർജ വ്യാപനം കൈവരിച്ച്, 2050ൽ നെറ്റ്സീറോ എമിഷൻ എന്ന നേട്ടം കൈവരിക്കുകയാണ് ലക്ഷ്യം.