ചൈനയുടെ ഡീപ്‌സീക് അവതരിപിച്ചപ്പോള്‍ അമേരിക്കന്‍ കമ്പനി വലിയ തകര്‍ച്ചയില്‍#World



 ohari-vipani
 
 
 
 
 
 
അമേരിക്കന്‍ വിപണിയില്‍ ആഞ്ഞടിച്ച് ചൈനയുടെ ഡീപ്‌സീക്  ബീജിങ്‌: ചൈനീസ് സ്റ്റാർട്ടപ്പായ ഡീപ്-സീക് അവതരിപ്പിച്ച ചെലവ്‌ കുറഞ്ഞ നിർമിതബുദ്ധി (എഐ) അമേരിക്കൻ ഓഹരിവിപണിക്ക് കനത്ത ആഘാതമേൽപ്പിച്ചു. യുഎസ് ടെക് ഓഹരികൾ കനത്ത തകർച്ചയാണ് നേരിട്ടത്. ചൈനയിലെ ഹാങ്‌ഷു ആസ്ഥാനമായുള്ള ഡീപ്-സീക്കിന്റെ ആർ1 എന്ന പുതിയ മോഡൽ എഐ ആപ് യുഎസ്, ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ, സിംഗപ്പുർ തുടങ്ങിയ പലരാജ്യങ്ങളിലും ആപ്പിൾ ആപ് സ്റ്റോറിൽ ജനപ്രിയ എഐ ചാറ്റ് ബോട്ടായ ചാറ്റ് ജിപിടിയെ മറികടന്നതാണ് പാശ്ചാത്യവിപണിയെ പിടിച്ചുലച്ചത്. സിലിക്കൺ വാലിയിലെ സുവർണനക്ഷത്രം എന്ന് വിശേഷിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സെമി കണ്ടക്ടർ ചിപ് നിർമാണ കമ്പനിയായ എൻവിഡിക്ക്‌ ഒറ്റരാത്രികൊണ്ട് 59,300 കോടി ഡോളറാണ് നഷ്ടമായത്. വിപണിമൂല്യത്തിൽനിന്ന് 17 ശതമാനത്തിലധികം ഒറ്റ ദിവസംകൊണ്ട് ഒലിച്ചുപോയി. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഏകദിന നഷ്ടമാണിത്. മറ്റൊരു വന്‍ സെമികണ്ടക്ടർ കമ്പനിയായ ബ്രോഡ്‌കോം 17.4 ശതമാനവും മൈക്രോസോഫ്റ്റ് 2.1 ശതമാനവും ഗൂഗിളിന്റെ മാതൃകമ്പനി ആൽഫബെറ്റ് 4.2 ശതമാനവും നഷ്ടത്തിലായി. യുഎസ് ഓഹരി സൂചികകളായ നാസ്ഡാക്ക് 3.06 ശതമാനവും (-610.90 പോയിന്റ്) എസ്ആൻഡ്പി 500 ഒന്നരശതമാനത്തോളവും (88.96 പോയിന്റ്) താഴ്ന്നു. എഐ സാങ്കേതികവിദ്യയിൽ മൈക്രോസോഫ്റ്റ്, മെറ്റാ, ഓപ്പൺ എഐ തുടങ്ങിയ അമേരിക്കൻ എഐ ഭീമന്മാർ ചെലവഴിക്കുന്നതിന്റെ ചെറിയൊരു ശതമാനംമാത്രം ഉപയോ​ഗിച്ചാണ് ചൈനീസ് കമ്പനി ഓപ്പൺ സോഴ്സിൽ ഡീപ്-സീക് വികസിപ്പിച്ചിരിക്കുന്നത് എന്നതാണ് യുഎസ് ടെക് ഓഹരികളിൽ നിക്ഷേപം നടത്തിയവരെ ഞെട്ടിച്ചത്. പൂർണമായും ഓപ്പൺ സോഴ്സായതിനാൽ ഉപയോക്താക്കൾക്ക് കുറഞ്ഞ ചെലവിൽ, ലൈസൻസിങ് നിയന്ത്രണങ്ങളില്ലാതെ ഇത് ഉപയോ​ഗപ്പെടുത്താനാകും. നിർമിതബുദ്ധിയിലെ ചൈനീസ് മുന്നേറ്റത്തിന് തടയിടാൻ അമേരിക്ക കൊണ്ടുവന്ന ചിപ് കയറ്റുമതി നിയന്ത്രണത്തെ നിഷ്ഫലമാക്കുന്നതുമാണ് ഡീപ്-സീക്കിന്റെ ആർ 1 അവതരണമെന്ന ടെക് വിദ​ഗ്ധരുടെ വിലയിരുത്തലും വിപണിക്ക് തിരിച്ചടിയായി. ഈ മേഖലയിൽ യുഎസിന്റെ ആധിപത്യം നഷ്ടപ്പെടുമെന്ന ആശങ്ക ​ആ​ഗോളതലത്തിൽ അലയടിച്ചപ്പോൾ ഇന്ത്യൻ വിപണിയിലും ഐടി സൂചിക 3.31 ശതമാനം ഇടി‍ഞ്ഞു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0