കോഴിക്കോട് : മലയാളത്തിൻ്റെ അതുല്യ പ്രതിഭ എം.ടി. വാസുദേവൻ നായർ അന്തരിച്ചു. ഹൃദ്രോഗത്തെ തുടർന്ന് കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാത്രിയായിരുന്നു അന്ത്യം. ഏഴു പതിറ്റാണ്ടായി എഴുത്തിൻ്റെ 'സുകൃത'മായിരുന്ന അതുല്യ വ്യക്തിത്വം മലയാളത്തോട് വിടപറയുന്നു. എം.ടി. തൊട്ട മേഖലകളിലെല്ലാം 'ഉയരങ്ങളിൽ' എത്തിയ പ്രതിഭയായിരുന്നു. മലയാള ഭാഷയ്ക്ക് 'രണ്ടാം വേരുകൾ' നൽകിയ അദ്ദേഹത്തിൻ്റെ എഴുത്തിൻ്റെ 'തിരകളും തീരങ്ങളും' സാഹിത്യലോകത്ത് എക്കാലവും ഓർമ്മയായി നിലനിൽക്കും.
ഹൃദ്രോഗവും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് 11 ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു എംടി വാസുദേവൻ നായർ. അദ്ദേഹത്തിന് 91 വയസ്സായിരുന്നു.
ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ആരോഗ്യനില വഷളായി. വൃക്കകളുടെയും ഹൃദയത്തിൻ്റെയും പ്രവർത്തനം മന്ദഗതിയിലായതിനെ തുടർന്നാണ് ഇന്ന് മരണം സംഭവിച്ചത്.
കഴിഞ്ഞ ഒരു മാസത്തിനിടെ പലതവണ എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ 15നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുറച്ചുകാലമായി ഹൃദയസംബന്ധമായ അസുഖങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു.
ആരോഗ്യനില അതീവഗുരുതരമാണെന്നും ഹൃദയാഘാതം ഉണ്ടായെന്നും കാണിച്ച് ആശുപത്രി അധികൃതർ ഇന്നലെ രാവിലെ മെഡിക്കൽ ബുള്ളറ്റിനും പുറത്തിറക്കിയിരുന്നു. ചികിത്സയ്ക്കായി പ്രത്യേക മെഡിക്കൽ സംഘം രൂപീകരിച്ചിരുന്നു. മരണസമയത്ത് ഭാര്യയും മകളുമടക്കം എല്ലാ കുടുംബാംഗങ്ങളും ആശുപത്രിയിൽ ഉണ്ടായിരുന്നു.