മയക്കുമരുന്ന് കേസിൽ യൂട്യൂബർ തൊപ്പി നിഹാദിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിയത്. നിഹാദ് ഉൾപ്പെടെ ഹർജി നൽകിയ 6 പേർക്കെതിരെ കേസില്ലെന്ന് പൊലീസ് അറിയിച്ചു. നിഹാദിൻ്റെ വീട്ടിൽ നിന്ന് പാലാരിവട്ടം പോലീസ് മയക്കുമരുന്ന് പിടികൂടിയിരുന്നു.
നിഹാദുമായി സൗഹൃദത്തിലായിരുന്ന മൂന്ന് യുവതികളും മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നു. പോലീസ് കേസെടുത്തതോടെ നിഹാദും സുഹൃത്തുക്കളും ഒളിവിലായിരുന്നു. നിഹാദിൻ്റെ വീട്ടിൽ നിന്നും സുഹൃത്തിൽ നിന്നുമാണ് മയക്കുമരുന്ന് പിടികൂടിയത്. ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെ ശ്രദ്ധ നേടിയ വ്യക്തിയാണ് കണ്ണൂർ സ്വദേശിയായ 'തൊപ്പി'. യൂട്യൂബിൽ തൊപ്പിക്ക് ആറ് ലക്ഷത്തിലധികം വരിക്കാരുണ്ട്.
തൊപ്പിയുടെ വീഡിയോ കണ്ട് കുട്ടികൾ വഴിതെറ്റുന്നു എന്ന ആരോപണം ഉയർന്നിരുന്നു. 8 വയസിന് താഴെയുള്ള കുട്ടികളാണ് തൊപ്പിയുടെ വീഡിയോകളുടെ സ്ഥിരം കാഴ്ചക്കാർ. മോശം ഭാഷയും സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതും ഉൾപ്പെടെയുള്ള വിഷലിപ്തമായ നിലപാടുകളാണ് തൊപ്പിയുടെ വീഡിയോകളിൽ പ്രധാനം. പൊതുസ്ഥലത്ത് അശ്ലീല പരാമർശം നടത്തിയതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും കഴിഞ്ഞ വർഷം മലപ്പുറത്ത് ‘തൊപ്പി’ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.