യുവാക്കളിൽ ഉറക്കക്കുറവ് തലച്ചോറിന്‍റെ പ്രായം വര്‍ദ്ധിപ്പിക്കുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. അമേരിക്കൻ അക്കാദമി ഓഫ് ന്യൂറോളജി ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, നാല്പതുകളുടെ തുടക്കത്തിൽ വേണ്ടത്ര ഉറക്കം ലഭിക്കാത്ത ആളുകൾക്ക് അമ്പതുകളിൽ മസ്തിഷ്ക വാർദ്ധക്യവും ഓർമ്മക്കുറവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വൈകി ഉറങ്ങുന്നതും നേരത്തെ എഴുന്നേൽക്കുന്നതും മസ്തിഷ്‌ക വാർദ്ധക്യവുമായി അടുത്ത ബന്ധമുള്ളതാണെന്നും ഉറക്കക്കുറവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അനുഭവിക്കുന്നവർ ഇത് ഗൗരവമായി എടുത്ത് മതിയായ ചികിത്സ തേടണമെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ, ഉറക്കക്കുറവ് ഓർമശക്തിയും ചിന്താശേഷിയും നഷ്‌ടപ്പെടുന്നതിനും ഡിമെൻഷ്യയുടെ തുടക്കത്തിലേയ്‌ക്കും കാരണമാകുമെന്ന് വിലയിരുത്തി.
കാലിഫോർണിയ സർവകലാശാലയിലെ ഡോ. ക്ലെമെൻസ് കാവില്ലസിൻ്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഗവേഷകർ ഉറക്കവും തലച്ചോറും തമ്മിലുള്ള ബന്ധം പരിശോധിച്ച് 40 വയസ്സുള്ള 589 പേർക്ക് അഞ്ച് വർഷത്തെ ഇടവേളയിൽ ഉറക്കവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നൽകി. 15 വർഷത്തിനു ശേഷം അവരുടെ തലച്ചോർ സ്കാൻ ചെയ്ത് പഠനം പൂർത്തിയാക്കി. ഓരോ സ്കാനിംഗ് റിപ്പോർട്ടുകളിലും മസ്തിഷ്ക വാർദ്ധക്യത്തിൻ്റെ ലക്ഷണങ്ങൾ വ്യത്യസ്തമായിരുന്നു. അവരുടെ കണ്ടെത്തലുകൾ അനുസരിച്ച്, മധ്യവയസ്സിലെ ഉറക്കക്കുറവ് തലച്ചോറിൻ്റെ യഥാർത്ഥ പ്രായവുമായി മൂന്ന് വർഷം കൂട്ടിച്ചേർക്കുന്നു.
ഗവേഷകർ ആളുകളെ അവരുടെ ഉറക്ക ശീലങ്ങളുടെ അടിസ്ഥാനത്തിൽ ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. അപകടസാധ്യത കുറഞ്ഞ ഗ്രൂപ്പിലുള്ളവർക്ക് ഉറക്കത്തിൽ യാതൊരു പ്രശ്നവുമില്ല. ഉറക്കവുമായി ബന്ധപ്പെട്ട രണ്ടോ മൂന്നോ പ്രശ്നങ്ങളുള്ളവരെ മിഡിൽ ഗ്രൂപ്പിലും മൂന്നിൽ കൂടുതൽ പ്രശ്നങ്ങളുള്ളവരെ ഉയർന്ന അപകടസാധ്യതയുള്ള ഗ്രൂപ്പിലും ഉൾപ്പെടുത്തി. 70 ശതമാനം ലോ റിസ്ക് വിഭാഗത്തിലും 22 ശതമാനം മിഡിൽ വിഭാഗത്തിലും 8 ശതമാനം ഉയർന്ന അപകടസാധ്യതയുള്ള വിഭാഗത്തിലുമാണ്.
വളരെ കുറച്ച് ഉറങ്ങുന്നവരിലും, ഉറങ്ങാൻ കൂടുതൽ സമയമെടുക്കുന്നവരിലും, നേരത്തെ എഴുന്നേൽക്കുന്നവരിലും മസ്തിഷ്ക വാർദ്ധക്യം അതിവേഗം സംഭവിക്കുന്നതായി ഗവേഷകർ നിരീക്ഷിച്ചു.
ഉറങ്ങാൻ ബുദ്ധിമുട്ടുള്ളവർ കൃത്യമായ ഉറക്ക ഷെഡ്യൂൾ പാലിക്കണമെന്നും വ്യായാമവും വിശ്രമ രീതികളും പരിശീലിക്കണമെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു. ശരിയായ ഉറക്ക ശീലങ്ങൾ പിന്തുടരുന്നവർക്ക് തലച്ചോറിൻ്റെ ആരോഗ്യം നിലനിർത്താൻ കഴിയുമെന്നും യുവാക്കൾ ഉറക്കം ഗൗരവമായി എടുക്കണമെന്നും പഠനം പറയുന്നു.