മരിച്ചെന്നുകരുതിയ നവജാതശിശുവിന് 12 മണിക്കൂറിനുശേഷം പുനർജന്മം #Newborn
മുംബൈ: മരിച്ചെന്ന് ഡോക്ടർമാർ ഉറപ്പുവരുത്തി ബന്ധുക്കൾക്ക് കൈമാറിയ നവജാതശിശു 12 മണിക്കൂറിനുശേഷം കരഞ്ഞു. അടക്കംചെയ്യുന്നതിന് ഏതാനും നിമിഷംമുൻപ് കരഞ്ഞതോടെ കുട്ടിയെ ജീവനോടെ തിരിച്ചുകിട്ടുകയായിരുന്നു. അംബജോഗൈയിലെ സ്വാമി രാമനാഥതീർഥ ഗവ. ആശുപത്രിയിലാണ് സംഭവം.ജൂലായ് ഏഴിന് രാത്രിയിലാണ് യുവതി കുഞ്ഞിന് ആശുപത്രിയിൽ ജന്മംനൽകുന്നത്. എന്നാൽ, എട്ടുമണിയോടെ കുട്ടി മരിച്ചെന്ന് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചു. കുട്ടിയുടെ മുഖം അവസാനമായി കാണണമെന്ന് മുത്തശ്ശി ആവശ്യപ്പെട്ടപ്പോൾ മുഖത്ത് മറച്ചിരുന്ന തുണി മാറ്റിയപ്പേൾ കുഞ്ഞ് പെട്ടന്ന് കരഞ്ഞു. ഉടൻതന്നെ അവർ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ ആരംഭിച്ചു.
ജനിച്ചശേഷം കുഞ്ഞിൽ ജീവന്റെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും മരുന്നുകളോട് പ്രതികരിച്ചിരുന്നില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു. 27 ആഴ്ച ഭ്രൂണവളർച്ചയുള്ളപ്പോഴാണ് യുവതി ആശുപത്രിയിലെത്തിയത്. പ്രസവത്തിൽ സങ്കീർണതകൾ ഉണ്ടായിരുന്നെന്ന് ഡോക്ടർ പറയുന്നു. ജനിക്കുമ്പോൾ കുഞ്ഞിന് 900 ഗ്രാം ഭാരംമാത്രമാണുണ്ടായിരുന്നത്. മരുന്നുകളോട് പ്രതികരിക്കാത്തതിനെത്തുടർന്നാണ് കുഞ്ഞ് മരിച്ചെന്ന് കരുതിയതെന്ന് ഡോക്ടർ പറഞ്ഞു.