എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ട് റവന്യൂ മന്ത്രി കെ.രാജൻ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. എഡിഎം നിരപരാധിയാണെന്നും പെട്രോൾ പമ്പിന് നിരാക്ഷേപ പത്രം (എൻഒസി) നൽകാൻ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആക്ഷേപത്തിന് ഒരു തെളിവും ഇല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
കലക്ടർ എഴുതി തയാറാക്കിയ മൊഴിയാണ് ജോയിന്റ് കമ്മിഷണർ എ.ഗീതയ്ക്ക് നൽകിയത്. പി.പി.ദിവ്യയെ നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും കലക്ടറുടെ മൊഴിയിൽ ആവർത്തിക്കുന്നു.
പെട്രോൾ പമ്പുമായി ബന്ധപ്പെട്ട എൻഒസി നവീൻ ബാബു വൈകിപ്പിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഫയലുകൾ വൈകിപ്പിച്ചിരുന്ന ആളല്ല നവീൻ ബാബുവെന്നും ക്രമവിരുദ്ധമായി അദ്ദേഹം ഒന്നും ചെയ്തിട്ടില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. നവീൻ കൈക്കൂലി വാങ്ങിയതിന് ഒരു തെളിവും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.