തലശ്ശേരി-മാഹി ബൈപ്പാസില്‍ മകള്‍ ഓടിച്ച സ്കൂട്ടർ ഡിവൈഡറിലിടിച്ച് മാതാവ് മരിച്ചു. മാടപ്പീടിക രാജു മാസ്റ്റർ റോഡിന് സമീപം നടന്ന അപകടത്തില്‍ ധർമടം മീത്തലെപീടിക പുളിക്കൂലില്‍ ചന്ദ്രങ്കണ്ടി ഹൗസില്‍ പാലത്തില്‍ റുഖിയ(63) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് മൂന്നോടെ റുഖിയയും മകള്‍ ആരിഫയും സഞ്ചരിച്ച സ്കൂട്ടറാണ് ഇടിച്ചത്. തലശ്ശേരിയില്‍നിന്ന് അഴിയൂർ ഭാഗത്തേക്ക് പോകുകയായിരുന്നു ഇരുവരും. പരിക്കേറ്റ റുഖിയയെ പള്ളൂർ ഗവ. ആശുപത്രിയിലും തുടർന്ന് തലശ്ശേരിയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആരിഫയ്ക്കും പരിക്കേറ്റു. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോർച്ചറിയില്‍.
ഭർത്താവ്: ചന്ദ്രങ്കണ്ടി അസ്സു. മറ്റുമക്കള്‍: താഹിറ, ഫിറോസ്, ഹസീന, നവാസ്, റുബീന. മരുമക്കള്‍: സിറാജ് (എടക്കാട്), സീനത്ത് (ആറ്റടപ്പ), സാദിഖ് (പെരിങ്ങാടി), ആരിഫ (പെരിങ്ങാടി), സാജുദ്ദീൻ (എടക്കാട്), ഇല്യാസ് (പെരിങ്ങാടി). ഖബറടക്കം ഇന്ന് ധർമടം ജുമാമസ്ജിദ് ഖബർസ്ഥാനില്‍.