യൂട്യൂബ് സ്‌കിപ്പ് ബട്ടണ് മുകളിൽ കറുത്ത നിറം; ശല്യമാകുമോ പുതിയ നീക്കം ?... #Tech

 


യൂട്യൂബിലെ പരസ്യങ്ങള്‍ പലപ്പോഴും ശല്യമാകാറുണ്ട്. അത്തരം പരസ്യങ്ങള്‍ നിശ്ചിത സമയത്തിന് ശേഷം സ്‌കിപ്പ് ചെയ്യാനാവുമെന്നതാണ് ഏക ആശ്വാസം. എന്നാല്‍ അതും ഇല്ലാതാവാനാണ് സാധ്യത. യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ എടുക്കാത്ത ഉപഭോക്താക്കളിലേക്ക് പരമാവധി പരസ്യം എത്തിക്കാനും വരുമാനം നേടാനുമാണ് കമ്പനി ശ്രമിക്കുന്നത്. ആല്‍ഫബെറ്റിന്റെ പ്രധാന വരുമാനവും യൂട്യൂബ് ഉള്‍പ്പടെയുള്ള പ്ലാറ്റ്‌ഫോമില്‍ നിന്നുള്ള പരസ്യ വരുമാനം തന്നെ.

ദിവസങ്ങള്‍ക്ക് മുമ്പ് റെഡ്ഡിറ്റ് ഉപഭോക്താക്കളാണ് യൂട്യൂബ് വീഡിയോകളില്‍ സ്‌കിപ്പ് ബട്ടണ്‍ മറച്ചുവെച്ചതായി ആദ്യം വെളിപ്പെടുത്തിയത്. സ്‌കിപ്പ് ബട്ടണ് മുകളില്‍ കറുത്ത നിറത്തില്‍ മറച്ചിരിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ആന്‍ഡ്രോയിഡ് അതോറിറ്റി റിപ്പോര്‍ട്ട് അനുസരിച്ച് മൊബൈല്‍ ആപ്പിലും കമ്പനി സ്‌കിപ്പ് ബട്ടണ്‍ മറയ്ക്കുന്നുണ്ട്. സ്‌കിപ്പ് ബട്ടണ്‍ സ്ഥിരമായി നീക്കം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായിരിക്കാം ഇതെന്നാണ് ചില ഉപഭോക്താക്കളുടെ അനുമാനം.

അതേസമയം, സ്‌കിപ്പ് ചെയ്യാനാവുന്ന പരസ്യങ്ങളില്‍ എപ്പോഴത്തെയും പോലെ അഞ്ച് സെക്കന്റിന് ശേഷം ബട്ടണ്‍ ദൃശ്യമാകുമെന്നാണ് യൂട്യൂബ് വക്താവ് ഒലുവ ഫലോദുന്‍ ദി വെര്‍ജിന് നല്‍കിയ പ്രസ്താവനയില്‍ പറയുന്നത്. ആഡ് പ്ലെയറിലെ ഘടകങ്ങള്‍ കുറയ്ക്കുമെന്നും കൂടുതല്‍ വൃത്തിയുള്ള അനുഭവത്തിലൂടെ മെച്ചപ്പെട്ട പരസ്യാനുഭവം നല്‍കുമെന്നും അദ്ദേഹം പറയുന്നു. സ്‌കിപ്പ് ചെയ്യുന്നതിനുള്ള കൗണ്ട് ഡൗണ്‍ ടൈമറിന് പകരം പ്രോഗ്രസ് ബാര്‍ വെക്കാനുള്ള തീരുമാനവും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0