നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ദൃശ്യങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന അതിജീവതയുടെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറഞ്ഞു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നാണ് ആവശ്യം.
കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചെന്ന അതിജീവതയുടെ പരാതിയിൽ ഹൈക്കോടതിയുടെ നിർദേശപ്രകാരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി അന്വേഷണം നടത്തി റിപ്പോർട്ട് നൽകി. എന്നാൽ റിപ്പോർട്ട് പ്രതിയെ സംരക്ഷിക്കുന്നുണ്ടെന്നും മെമ്മറി കാർഡ് പരിശോധിച്ച ഫോൺ ഉൾപ്പെടെയുള്ള തെളിവുകൾ കസ്റ്റഡിയിലെടുത്തില്ലെന്നുമാണ് അതിജീവതയുടെ ആരോപണം. തൻ്റെ ഭാഗം കേൾക്കണമെന്ന ഉത്തരവും ലംഘിച്ചെന്നും ഹർജിക്കാരൻ പറയുന്നു.
ഐജി റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥൻ്റെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നാണ് ഹർജിയിലെ ആവശ്യം. കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് കോടതി കസ്റ്റഡിയിലിരിക്കെ മൂന്ന് തവണ അനധികൃതമായി തുറന്നതായി കണ്ടെത്തി. മെമ്മറി കാർഡിൻ്റെ ഹാഷ് മൂല്യത്തിൽ വന്ന മാറ്റം സംബന്ധിച്ച് കൃത്യമായ അന്വേഷണം നടന്നിട്ടില്ലെന്നും അതിജീവി ചൂണ്ടിക്കാണിക്കുന്നു.