ജില്ലയില്‍ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒന്‍പതുവയസ്സുകാരി ചികിത്സ തേടി. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയിലുള്ള വെങ്ങാനൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്നാണ് സൂചന. നാലുപേര്‍ മെഡിക്കല്‍ കോളേജിലും ചികിത്സയിലുണ്ട്. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ട നിലയിലാണ്. ചികിത്സയിലുള്ള ഒന്‍പതുവയസ്സുകാരിക്ക് കിണര്‍ വെള്ളവുമായി മാത്രമാണ് സമ്പര്‍ക്കമുണ്ടായിട്ടുള്ളത്. വീട്ടിലെ പാചകത്തിന് ഉള്‍പ്പെടെ ഈ വെള്ളമാണ് ഉപയോഗിക്കുന്നത്.
അമീബിക് മസ്തിഷ്‌ക ജ്വരം; ശ്രദ്ധിക്കണം
തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്കു നോക്കാന്‍ ബുദ്ധിമുട്ട്, കുഞ്ഞുങ്ങളില്‍ ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്‌ക്രിയരായി കാണപ്പെടുക, അസാധാരണ പ്രതികരണങ്ങള്‍ എന്നിവയും കാണാറുണ്ട്. ഗുരുതരാവസ്ഥയിലായാല്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മ്മക്കുറവ് എന്നിവയുണ്ടാകും. രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ എത്രയുംവേഗം ചികിത്സ തേടണം. നട്ടെല്ലില്‍നിന്ന് സ്രവം കുത്തിയെടുത്ത് പി.സി.ആര്‍. പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്.
97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗം
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂർവമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്‌ക ജ്വരം.നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെർമമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. മൂക്കിനേയും മസ്തിഷ്‌കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.
രോഗം മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് പകരില്ല. വെള്ളത്തിലിറങ്ങുമ്പോൾ അടിത്തട്ടിലെ ചെളിയിലുള്ള അമീബ വെള്ളത്തിൽ കലങ്ങുകയും മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. അണുബാധ ഉണ്ടായാൽ ഒന്ന് മുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും.
അധിക പരിശോധന
മസ്തിഷ്‌കജ്വരം സംശയിക്കുന്നവരില്‍ അമീബിക് മസ്തിഷ്‌ക ജ്വരം നിര്‍ണയിക്കാനുള്ള പരിശോധനകൂടി നടത്തണമെന്ന് മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.
ചികിത്സയ്ക്കായി മില്‍ട്ടിഫോസിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകളുടെ ലഭ്യത ഉറപ്പാക്കും. സ്റ്റേറ്റ് ആര്‍.ആര്‍.ടി. യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. രോഗം ആദ്യഘട്ടത്തില്‍ കണ്ടെത്തിയാല്‍ ചികിത്സിച്ച് ഭേദമാക്കാനാകും. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 10 പേര്‍ രോഗമുക്തരായി. 97 ശതമാനം മരണനിരക്കുള്ള രോഗത്തിന്, കേരളത്തിലിത് 26 ശതമാനം മാത്രമാണ്.