കണ്ണൂർ: നഗരത്തിൽ വൻ മദ്യ ശേഖരം പിടികൂടി. എസ് എൻ പാർക്കിനടുത്ത സ്കൂളിന് സമീപത്തെ റോഡിൽ സ്കൂട്ടറിലെത്തി മദ്യം വിൽക്കുന്നതിനിടെതമിഴ്നാട് സ്വദേശികളായ രണ്ട്പേരെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. നാമക്കൽ സ്വദേശിയും പന്നേൻപാറ റെയിൽവേഗേറ്റിന് സമീപം താമസക്കാരനുമായ മോഹൻരാജ് (32), ട്രിച്ചി സ്വദേശിയും കക്കാട് താമസക്കാരനുമായ സത്യഗോപി(31) എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം. കണ്ണൂർ ടൗൺ എസ്ഐ പി പി ഷമീലിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യം വിൽക്കുന്നതിനിടെ ഇരുവരും പിടിയിലായത്. ഇവരുടെ കൈയിൽ നിന്നും 500 ലിറ്ററിന്‍റെ 38 മദ്യകുപ്പികളാണ് പിടിച്ചെടുത്തത്. മദ്യ വിൽപനയ്ക്ക് ഉപയോഗിച്ച കെഎൽ 13 എഡബ്ല്യു8449 സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു.
ഇവരെ ചോദ്യം ചെയ്യുന്നതിനിടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നഗരത്തിലെ ലോഡ്ജിൽ നിന്നും വീണ്ടും മദ്യം പിടിച്ചെടുത്തതായ വിവരമുണ്ട്. രണ്ട് ദിവസങ്ങളിലായി മദ്യശാലകൾ അവധിയായത് കൊണ്ട് വൻ വിലയ്ക്കാണ് മദ്യം വിൽപന നടത്തിയതെന്ന് പോലീസ് പറഞ്ഞു. പുതുച്ചേരി സംസ്ഥാനത്ത് മാത്രം വിൽപന ചെയ്യേണ്ട മാഹിയിൽ നിന്നെത്തിച്ച മദ്യമാണ് അവധി ദിനങ്ങളിൽ വിൽപന ചെയ്ത് വൻ ലാഭമുണ്ടാക്കുന്നത്.