കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരകാവ് തെയ്യം കെട്ട് മഹോത്സവം വെടിമരുന്ന്
ശാലയിലുണ്ടായ തീപിടിത്തത്തിൽ നൂറിലധികം പേർക്ക് പരിക്കേറ്റു. ഇവരിൽ നാലുപേരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. അപകടമുണ്ടായ ഉടൻ തന്നെ പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. സ്‌ഫോടനത്തിൽ 154 പേർക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റ 97 പേർ ചികിത്സയിലാണ്.
പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഒരാളുടെ നില അതീവ ഗുരുതരമാണ്. 80 ശതമാനം പൊള്ളലേറ്റ സന്ദീപിനെ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പൊള്ളലേറ്റവരെ പരിയാരം മെഡിക്കൽ കോളജ്, മിംസ് ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, മംഗളൂരു എംജെ മെഡിക്കൽ കോളജ് തുടങ്ങി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
തെയ്യംകെട്ട് ഉത്സവത്തിനിടെ പടക്കങ്ങൾ പൊട്ടിച്ചതിൻ്റെ തീപ്പൊരി പടക്കങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലത്ത് പതിച്ചതാണ് അപകടകാരണം. വെടിക്കെട്ടിന് അനുമതിയില്ലെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. അശ്രദ്ധമായി പടക്കം പൊട്ടിച്ചതിന് പോലീസ് കേസെടുത്തിട്ടുണ്ട്. ക്ഷേത്രം പ്രസിഡൻ്റിനെയും സെക്രട്ടറിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ വകുപ്പുകൾ പിന്നീട് ഉൾപ്പെടുത്തുമെന്ന് പോലീസ് അറിയിക്കുന്നു.
അപകടസ്ഥലത്ത് നൂറുകണക്കിനാളുകൾ ഉണ്ടായിരുന്നു. പൊള്ളലേറ്റതിന് പുറമെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേറ്റു. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിൻ്റെ സ്നാന ചടങ്ങിനിടെയാണ് അപകടം. സ്ത്രീകൾക്കും കുട്ടികൾക്കും പരിക്കേറ്റു.