അതിവേഗം വളരാതെ കെ-ഫോൺ; 2025 ഡിസംബറാകുമ്പോഴേക്കും രണ്ടരലക്ഷം കണക്ഷൻ നൽകാൻ പദ്ധതി... #K_Fone

 


സംസ്ഥാനസർക്കാർ സംരംഭമായ കെ -ഫോൺ ഇന്റർനെറ്റ് കണക്ഷൻ പ്രതീക്ഷിച്ച രീതിയിൽ ലക്ഷ്യത്തിലേക്കുയർന്നില്ല. കിഫ്ബിയിൽനിന്ന് 1000 കോടി രൂപ കടമെടുത്ത് അഞ്ചുവർഷം മുൻപാണ് പദ്ധതി തുടങ്ങിയത്. പ്രാരംഭഘട്ടത്തിൽ കോവിഡ് വില്ലനായി. പിന്നാലെ വന്ന ദേശീയപാതാ വികസനം പ്രവൃത്തികളെ ബാധിച്ചു. വൈദ്യുതത്തൂണുകളെ ബന്ധിപ്പിച്ച് ഫൈബർ കേബിളുകൾ ഭൂമിക്കടിയിലൂടെയാണ് വലിച്ചിരുന്നത്. ദേശീയപാത വികസനപ്രവൃത്തി തുടങ്ങിയതോടെ ഇതെല്ലാം താറുമാറായി. കേബിളുകൾ വീടുകളിലെത്തിക്കുന്നത് ചെറുകിട കേബിൾ ഓപ്പറേറ്റർമാരാണ്.

സംസ്ഥാനത്ത് ആറായിരത്തിലധികം ചെറുകിട കേബിൾ ഓപ്പറേറ്റർമാരുണ്ട്. ഇതിൽ 2500-ഓളം പേരുമായിട്ടേ കരാറായിട്ടുള്ളൂ. മുഴുവൻ ഓപ്പറേറ്റർമാരുമായി കരാറുണ്ടാക്കിയാലേ പ്രതീക്ഷിച്ച വേഗത്തിൽ കെ-ഫോൺ വീടുകളിലെത്തൂ. സർക്കാർ സ്ഥാപനങ്ങളിലാണ് ആദ്യം കണക്ഷൻ നൽകിത്തുടങ്ങിയത്. കഴിഞ്ഞ വർഷം ജൂൺ മുതലാണ് വീടുകളിലെത്തിത്തുടങ്ങിയത്. ദിവസം 250 മുതൽ 300 വീടുകളിൽ വരെ കണക്ഷൻ കൊടുക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. ഇതു പ്രതിദിനം 750 മുതൽ 800 വരെയാക്കാനാണ് ലക്ഷ്യം. 2025 ഡിസംബറാകുമ്പോഴേക്കും രണ്ടരലക്ഷം കണക്ഷൻ നൽകാൻ പദ്ധതി ലക്ഷ്യമിടുന്നു.

വീടുകളിലെ അപേക്ഷകൾ കൂടുന്നു

അതേസമയം കെ-ഫോൺ ഇന്റർനെറ്റിന് വീടുകളിൽ സ്വീകാര്യത കൂടുന്നുണ്ട്. നിത്യവും നൂറുകണക്കിന് അപേക്ഷകളാണ് ലഭിക്കുന്നത്. ഒടുവിലെ കണക്ക് പ്രകാരം 86,436 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 28,138 കണക്ഷൻ നൽകി. ഇതിനു പുറമെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള 5222 വീടുകളിലും കെ-ഫോൺ എത്തിച്ചു. വാടക ഇനത്തിലെ കുറവും ഇന്റർനെറ്റിന്റെ വേഗവും സ്‌കീമുകളുമാണ് കെ-ഫോണിനെ സ്വീകാര്യമാക്കുന്നത്.

20 മുതൽ 1000 മെഗാബൈറ്റ് വേഗം വരെയുള്ള വിവിധങ്ങളായ സ്‌കീമുകളുണ്ട് കെ-ഫോണിന്. 299 രൂപ മുതൽ മേൽപ്പോട്ടാണ് പ്രതിമാസ നിരക്ക്‌. 7665 കണക്ഷൻ നൽകിയ മലപ്പുറമാണ് മുന്നിൽ. ഏറ്റവും കുറവ് കാസർകോടാണ്. 162 വീടുകളിലേ ലഭ്യമായിട്ടുള്ളൂ.

എന്റെ കെ-ഫോൺ എന്ന ആപ്ലിക്കേഷനിലൂടെയോ വെബ്‌സൈറ്റ് മുഖേനെയോ 18005704466 ടോൾ ഫ്രീ നമ്പറിൽ വിളിച്ചോ രജിസ്റ്റർ ചെയ്യാം. ഏറ്റവും മികച്ച ഇന്റർനെറ്റ് സേവനം നൽകുകയെന്ന ലക്ഷ്യത്തിലാണ് കെ-ഫോണിന്റെ പ്രവർത്തനമെന്ന് പ്രിൻസിപ്പൽ സെക്രട്ടറിയും കെ-ഫോൺ മാനേജിങ് ഡയറക്ടറുമായ ഡോ. സന്തോഷ് ബാബു പറഞ്ഞു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0