മൂന്ന് വെള്ളച്ചാട്ടങ്ങൾ കടന്നുവേണം പോത്തുകല്ലിലെത്താൻ. പുഞ്ചിരിമട്ടംമുതൽ താഴെവരെ സാധാരണയായി നടക്കുന്ന പരിശോധനതുടരും. അതിനുപുറമേയാണ് പ്രത്യേകദൗത്യം. നിലമ്പൂർ, മേപ്പാടി വനം ഡിവിഷനുകൾക്ക് കീഴിലാണ് പുതിയ ദൗത്യം നടക്കുന്ന പ്രദേശങ്ങൾ. വന്യമൃഗങ്ങൾ ധാരാളമായി കാണപ്പെടുന്ന മേഖലയുമാണിത്. മൂന്നാംഘട്ട തിരച്ചിലിൽ ചാലിയാർ പുഴയിൽനിന്നാണ് കൂടുതൽ മൃതദേഹങ്ങൾ കിട്ടിയത്. ഇരുനൂറോളം മൃതദേഹങ്ങൾ ഇനിയും കിട്ടാനുണ്ട്.
സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിലെ (എസ്.ഒ.ജി) വിദഗ്ധ പരിശീലനം ലഭിച്ച കമാൻഡോകളും സൈനികരുമാണ് സംഘത്തിലുള്ളത്. തിരുവനന്തപുരം പാങ്ങോട് ക്യാമ്പിലെ ലെഫ്. കേണൽ ഋഷി രാധാകൃഷ്ണൻ ദൗത്യത്തിന് നേതൃത്വം നൽകും. ആറുപേർ വീതമുള്ള രണ്ട് സംഘമായി തിരിഞ്ഞാണ് ഈ മേഖലകളിൽ തിരച്ചിൽ നടത്തുകയെന്ന് എ.ഡി.ജി.പി. എം.ആർ അജിത് കുമാർ പറഞ്ഞു.
'രണ്ട് വനംവകുപ്പ് ജീവനക്കാരും നാല് സൈനികരും അടങ്ങുന്നതാണ് ആദ്യ സംഘം. നാല് കമാൻഡോകളും രണ്ട് സൈനികരുമടങ്ങുന്നതാണ് രണ്ടാമത്തെ സംഘം. വനംവകുപ്പ് ജീവനക്കാരെ ഗൈഡുകളായാണ് സംഘത്തിൽ എടുത്തിരിക്കുന്നത്. രണ്ട് സംഘങ്ങളേയും സൂചിപ്പാറ ഭാഗത്ത് എയർഡ്രോപ്പ് ചെയ്യും. സാധാരണ രീതിയിൽ ചെന്നെത്താൻ പ്രയാസമുള്ള വനമേഖലകൾക്ക് ഉള്ളിലേക്കുള്ള തിരച്ചിലാണ് ലക്ഷ്യം.
ഇവിടെനിന്ന് മൃതദേഹങ്ങൾ കിട്ടിയാൽ എയർ ലിഫ്റ്റ് ചെയ്യും. കോഴിക്കോടുനിന്ന് നേവിയുടെ ഹെലികോപ്റ്റർ വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. എന്നാൽ കാലാവസ്ഥ പ്രതികൂലമാണ്. അനുകൂല സാഹചര്യം അനുസരിച്ചാകും മിഷൻ ആരംഭിക്കുക', എ.ഡി.ജി.പി വ്യക്തമാക്കി.
പുഴയുടെ ഭാഗങ്ങളിലേക്ക് തിരച്ചിൽ കൂടുതലായി കേന്ദ്രീകരിക്കുമെന്നും അതോടൊപ്പം മറ്റിടങ്ങളിലെ തിരച്ചിലും തുടരുമെന്ന് ജില്ലാ കളക്ടർ മേഘശ്രീ പറഞ്ഞു. 'നേരത്തേ ആറ് സോണുകളായിട്ടായിരുന്നു തിരച്ചിൽ നടത്തിവന്നത്. എന്നാൽ, ഈ മേഖലകളിൽനിന്ന് ഇപ്പോൾ മൃതദേഹങ്ങൾ കിട്ടുന്നത് കുറവാണ്. അതിനാലാണ് പുഴയുടെ ഭാഗങ്ങളിലേക്ക് കൂടുതൽ തിരച്ചിൽ നടത്താൻ ഉദ്ദേശിക്കുന്ന്. തിരച്ചിൽനടത്തേണ്ട സ്ഥലങ്ങൾ മാർക്ക് ചെയ്യുന്നുണ്ട്. 40 ടീമുകളാണ് നിലവിൽ ദുരന്തമുഖത്ത് തിരച്ചിലിന് ഉള്ളത്. വിവിധ സേനാവിഭാഗങ്ങളിലെ 1300-ൽ അധികം അംഗങ്ങളും 1000-ൽ അധികം സന്നദ്ധപ്രവർത്തകരുമുണ്ട്', കളക്ടർ പറഞ്ഞു.