അനിൽ അംബാനിക്ക് ഓഹരി വിപണിയിൽ 5 വർഷത്തെ വിലക്ക്; 25 കോടി പിഴ... #Anil_Ambani


കമ്പനിയിലെ പണം വഴിതിരിച്ചുവിട്ടതിന് വ്യവസായി അനില്‍ അംബാനിക്ക് ഓഹരി വിപണിയില്‍ ഇടപെടുന്നതിന് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) അഞ്ച് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി. 25 കോടി രൂപ പിഴയും ചുമത്തി. റിലയന്‍സ് ഹോം ഫിനാന്‍സിന്റെ തലപ്പത്തുണ്ടായിരുന്ന മുന്‍ ഉദ്യോഗസ്ഥര്‍ക്കും 24 സ്ഥാപനങ്ങള്‍ക്കും വിലക്കും പിഴയും ചുമത്തിയിയിട്ടുണ്ട്.

ഇതോടെ വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഡയറക്ടറാകാനോ മറ്റ് ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിക്കാനോ കഴിയില്ല. ഓഹരി വിപണിയില്‍ ഇടപെടുന്നതിനും വിലക്ക് ബാധകമാകും. റിലയന്‍സ് ഹോം ഫിനാന്‍സിന് വിപണിയില്‍ ആറ് മാസത്തെ വിലക്കും സെബി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആറ് ലക്ഷം രൂപ പിഴയും അടക്കണം.

റിലയന്‍സ് ഹോം ഫിനാന്‍സിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പണം തട്ടിയെടുക്കാന്‍ അനില്‍ അംബാനി പദ്ധതി ആസൂത്രണം ചെയ്തതായി 222 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് ഇത്തരത്തിലുള്ള വായ്പാ പദ്ധതികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും അനില്‍ അംബാനിയുടെ സ്വാധീനത്താല്‍ ഉന്നതരുടെ സഹായത്തോടെ ഈ നീക്കം മറികടന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

അനില്‍ ധീരുബായ് അംബാനി ഗ്രൂപ്പിന്റെ ചെയര്‍പേഴ്‌സണ്‍ എന്ന സ്ഥാനവും റിലയന്‍സ് ഹോം ഫിനാന്‍സിലെ ഓഹരി ഉടമസ്ഥതയും തട്ടിപ്പിനായി അനില്‍ അംബാനി ദുരുപയോഗിച്ചു. റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡിന്റെ ഉന്നത ഉദ്യോഗസ്ഥരായിരുന്ന അമിത് ബപ്‌ന, രവീന്ദ്ര സുധാല്‍ക്കര്‍, പിങ്കേഷ് ആര്‍ ഷാ എന്നിവരുള്‍പ്പടെയുള്ളവര്‍ക്കാണ് സെബിയുടെ വിലക്ക്. ബപ്‌നയ്ക്ക് 27 കോടി രൂപയും സുധാല്‍ക്കര്‍ക്ക് 26 കോടിയും ഷായ്ക്ക് 21 കോടി രൂപയും സെബി പിഴചുമത്തിയിട്ടുണ്ട്.

റിലയന്‍സ് യൂണികോണ്‍ എന്റര്‍പ്രൈസസ്, റിലയന്‍സ് എക്‌സ്‌ചേഞ്ച് നെക്‌സ്റ്റ് ലിമിറ്റഡ്, റിലയന്‍സ് കൊമേഴ്‌സ്യല്‍ ഫിനാന്‍സ് ലിമിറ്റഡ്, റിലയന്‍സ് ബിസിനസ് ബ്രോഡ്കാസറ്റ് ന്യൂസ് ഹോള്‍ഡിങ്‌സ് ലിമിറ്റഡ്, റിലയന്‍സ് ബിഗ് എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്ക് 25 കോടി രൂപ വീതം പിഴ ചുമത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0