ചന്ദ്രനിലെ മണ്ണിൽ നിന്ന് ജലം ഉത്പാദിപ്പിച്ച് ചൈന, പുതിയ രീതി വികസിപ്പിച്ചു; യുഎസിന് തിരിച്ചടി... #China



ചന്ദ്രനിലെ മണ്ണില്‍ നിന്ന് വലിയ അളവില്‍ ജലം ഉത്പാദിപ്പിക്കാനുള്ള പുതിയ രീതി കണ്ടെത്തി ചൈനീസ് ശാസ്ത്രജ്ഞര്‍. 2020 ലെ ചാങ്അ-അഞ്ച് ദൗത്യത്തില്‍ ചന്ദ്രനില്‍ നിന്ന് ശേഖരിച്ച് ഭൂമിയിലെത്തിച്ച മണ്ണ് ഉപയോഗിച്ചാണ് ശാസ്ത്രജ്ഞര്‍ ജലം ഉത്പാദിപ്പിക്കുന്നതിനുള്ള വിദ്യ കണ്ടെത്തിയത്.

44 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ ഭൂമിയിലെത്തിച്ച ദൗത്യമാണ് ചാങ്അ-അഞ്ച്. ചന്ദ്രനിലെ മണ്ണിലെ ധാതുക്കളില്‍ വലിയ അളവില്‍ ഹൈഡ്രജന്റെ സാന്നിധ്യമുണ്ടെന്നും ഉയര്‍ന്ന അളവില്‍ ചൂടാക്കുമ്പോള്‍ അത് മറ്റ് മൂലകങ്ങളുമായി പ്രതിപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും അതുവഴി ജലബാഷ്പം രൂപീകരിക്കപ്പെടുന്നുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തിയതായി ചൈനീസ് മാധ്യമമായ സിസിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

മൂന്ന് വര്‍ഷം നീണ്ട ഗവേഷണ പഠനങ്ങള്‍ക്കൊടുവിലാണ് ചൈനീസ് ഗവേഷകര്‍ ചന്ദ്രനിലെ മണ്ണില്‍ നിന്ന് ജലം ഉത്പാദിപ്പിക്കാനുള്ള മാര്‍ഗം കണ്ടെത്തിയത്. ഭാവിയില്‍ ചന്ദ്രനില്‍ സ്ഥിരമായ മനുഷ്യവാസവും ഗവേഷണവും സാധ്യമാക്കുന്ന ഗവേഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള ലക്ഷ്യങ്ങള്‍ക്ക് ഉപകരിക്കുന്നതാണ് ഈ കണ്ടെത്തല്‍.

യുഎസും ചൈനയും തമ്മില്‍ ശക്തമായ ബഹിരാകാശ മത്സരം നടക്കുന്ന സാഹചര്യത്തിലാണ് ചൈനയ്ക്ക് മുന്‍കൈ നല്‍കുന്ന ഈ കണ്ടെത്തല്‍. ഇനിയും ആരംഭിച്ചിട്ടില്ലാത്ത ആര്‍ട്ടെമിസ് ദൗത്യത്തിലൂടെ യുഎസും ലക്ഷ്യമിടുന്നത് ചന്ദ്രനില്‍ മനുഷ്യന്റെ സ്ഥിരവാസം സാധ്യമാക്കുന്നതിനാണ്.

പുതിയ രീതി ഉപയോഗിച്ച് ചന്ദ്രനിലെ ഒരു ടണ്‍ മണ്ണില്‍ നിന്ന് 51-76 കിലോഗ്രാം ജലം ഉത്പാദിപ്പിക്കാന്‍ സാധിക്കും. അതായത് അരലിറ്ററിന്റെ നൂറിലധികം കുപ്പികള്‍ നിറയ്ക്കാനുള്ള ജലം ലഭിക്കും.

റഷ്യയുമായി ചേര്‍ന്ന് ഇന്റര്‍നാഷണല്‍ ലൂണാര്‍ റിസര്‍ച്ച് സ്റ്റേഷന്‍ ആരംഭിക്കാനുള്ള ശ്രമങ്ങളിലാണ് ചൈന. 2035 ല്‍ ചന്ദ്രനില്‍ ഒരു ബേസിക് സ്റ്റേഷന്‍ സ്ഥാപിക്കാനും ചൈന ലക്ഷ്യമിടുന്നുണ്ട്. 2045 ല്‍ ചന്ദ്രനെ ചുറ്റുന്ന സ്‌പേസ് സ്റ്റേഷനും ചൈന ലക്ഷ്യമിടുന്നു.

ജൂണില്‍ ചന്ദ്രനില്‍ നിന്ന് തിരികെയെത്തിയ ചാങ്അ-ആറ് ദൗത്യത്തില്‍ ശേഖരിച്ച സാമ്പിളുകളിലും പുതിയ രീതി ഉപയോഗിച്ച് ജലം ഉത്പാദിപ്പിക്കാനുള്ള പരീക്ഷണങ്ങള്‍ നടത്തുകയാണ് ഗവേഷകര്‍ ഇപ്പോള്‍ അതിന് ശേഷം ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0