ഇനിയെന്ന് ഇതുപോലെ ഒരാഘോഷം നടത്താന്‍ കഴിയുമെന്ന് അറിയില്ല. 2011-ല്‍ മുംബൈയില്‍ ഇങ്ങനെയൊന്ന് നടന്നതില്‍പ്പിന്നെ 2024-ലാണ് നടക്കുന്നത്. നീണ്ട 13 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ച അവസരം മുംബൈ അത്യുജ്ജ്വലമായിത്തന്നെ ഉദ്‌ഘോഷിച്ചു. കരീബിയന്‍ മണ്ണില്‍നിന്ന് വിശ്വകിരീടം ചൂടിയെത്തിയ ഇന്ത്യന്‍ ടീമംഗങ്ങള്‍ക്കത് എന്നെന്നും ഓര്‍ത്തിരിക്കാന്‍ വകനല്‍കുന്ന ചരിത്രമുഹൂര്‍ത്തമായി.
ബാര്‍ബഡോസില്‍നിന്ന് ഞായറാഴ്ച മടങ്ങേണ്ട ടീം ബെറില്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ബുധനാഴ്ച വൈകീട്ടാണ് മടങ്ങിയത്. വ്യാഴാഴ്ച രാവിലെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലെത്തി. കളിക്കാരെക്കൂടാതെ സ്റ്റാഫ് അംഗങ്ങളും മത്സരം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരും ബി.സി.സി.ഐ. പ്രത്യേകം ഒരുക്കിയ വിമാനത്തിലുണ്ടായിരുന്നു.
തുടര്‍ന്ന് രാവിലെ പ്രധാനമന്ത്രിയുടെ ഡല്‍ഹിയിലെ വസതിയില്‍ ടീമംഗങ്ങള്‍ക്ക് പ്രഭാത വിരുന്ന്. പ്രധാനമന്ത്രിയുമായി വിശേഷങ്ങള്‍ പങ്കുവെച്ചും ഫോട്ടോയെടുക്കലുമൊക്കെയായിരുന്നു പിന്നീട്. ടീമിനെ അഭിനന്ദിച്ച പ്രധാനമന്ത്രി കപ്പുമായി നില്‍ക്കുന്ന രാഹുല്‍ ദ്രാവിഡ്, രോഹിത് ശര്‍മ എന്നിവരുടെ കൈകള്‍ പിടിച്ച് ഒരു ടീം ഫോട്ടോയുമെടുത്തു. മുംബൈയിലായിരുന്നു ബി.സി.സി.ഐ.യുടെ ഔദ്യോഗിക സ്വീകരണച്ചടങ്ങ്. മറൈന്‍ ഡ്രൈവില്‍നിന്ന് വാംഖഡെ സ്‌റ്റേഡിയം വരെ നീണ്ടുനില്‍ക്കുന്ന ഓപ്പണ്‍ ബസില്‍ വിക്ടറി പരേഡ്. തുടര്‍ന്ന് വാംഖഡെയില്‍ ഔദ്യോഗിക അഭിനന്ദനച്ചടങ്ങുകള്‍ എന്നിങ്ങനെയായിരുന്നു ഷെഡ്യൂള്‍.
വൈകീട്ട് ആറോടെയാണ് ഡല്‍ഹിയില്‍നിന്ന് മുംബൈയിലേക്ക് താരങ്ങള്‍ എത്തിയത്. യു.കെ. 1845 എന്ന എയര്‍ലൈന്‍ വിസ്താര വിമാനത്തിലായിരുന്നു യാത്ര. അതിനുമുണ്ട് പ്രത്യേകത. 18 എന്നത് വിരാട് കോലിയുടെ നമ്പറാണ്. 45 എന്നത് രോഹിത് ശര്‍മയുടെയും. ടി20 ക്രിക്കറ്റ് മതിയാക്കിയ രണ്ട് താരങ്ങള്‍ക്കുമുള്ള ആദരവ് കൂടിയായി ആ വിമാനനമ്പര്‍. മുംബൈയിലെത്തിയ വിമാനത്തിന് വാട്ടര്‍ സല്യൂട്ട് നല്‍കി ആദരിച്ചു. വിമാനത്തിലെ താരങ്ങള്‍ക്കും അതിലെ ജീവനക്കാര്‍ക്കുമുള്ള ആദരമായിരുന്നു ഇത്.
തുടര്‍ന്ന് വൈകീട്ട്് ആറോടെയാണ് താരങ്ങള്‍ മുംബൈ വിമാനത്താവളത്തിലെത്തിയത്. കപ്പുമായി ഹാര്‍ദിക് പാണ്ഡ്യയാണ് വിമാനത്താവളത്തില്‍ ഇന്ത്യയെ നയിച്ചത്. ഒരു കൈയില്‍ ട്രോഫിയുമായി വന്ന ഹാര്‍ദിക്കിനെക്കണ്ട് ആരാധകര്‍ ആവേശഭരിതരായി ആര്‍ത്തിരമ്പി. ഹാര്‍ദിക്കിനത് രണ്ട് മാസംമുന്‍പ് തന്നെ കൂകിവിളിച്ച മുംബൈക്കാരോടുള്ള മധുരപ്രതികാരം കൂടിയായിരുന്നിരിക്കണം.
ടീം എത്തിയപ്പോഴേക്കും അപ്പോഴേക്കും ജനസാന്ദ്രമായിക്കഴിഞ്ഞിരുന്നു. രാവിലെ മുതല്‍ത്തന്നെ മുംബൈയില്‍ ബ്ലോക്കുണ്ട്. പോലീസും സന്നദ്ധപ്രവര്‍ത്തകരും അഹോരാത്രം പണിപ്പെട്ടാണ് മുംബൈ നഗരത്തെ നിയന്ത്രിച്ചത്. മറൈന്‍ ഡ്രൈവില്‍ ഒരുവശത്ത് കടലും മറുവശത്ത് മനുഷ്യക്കടലും എന്ന രീതിയിലായിരുന്നു ആള്‍ക്കൂട്ടം. ജനപ്രവാഹം മുംബൈ നഗരത്തെ അക്ഷരാര്‍ഥത്തില്‍ വീര്‍പ്പുട്ടിച്ചു.
തുടര്‍ന്ന് റോഡ്‌ഷോ അരങ്ങേറി. മറൈന്‍ ഡ്രൈവില്‍നിന്നായിരുന്നു തുടക്കം. ആള്‍ക്കടല്‍ കാരണം ഒരുഘട്ടത്തില്‍ ഇനിയാരും മറൈന്‍ ഡ്രൈവിലേക്ക് നീങ്ങരുതെന്നുവരെ പോലീസിന് ആഹ്വാനം ചെയ്യേണ്ടിവന്നു. 2011-ല്‍ മഹേന്ദ്ര സിങ് ധോനിയുടെ നേതൃത്വത്തില്‍ മുംബൈയില്‍ ഇത്തരത്തിലൊരാഘോഷം അരങ്ങേറിയിരുന്നു. അന്ന് ഏകദിന ലോകകപ്പ് നേടിയപ്പോഴായിരുന്നു അത്. സമാനമായി ഇത്തവണയും നടന്നു.
ടീം ജഴ്‌സി നിറത്തില്‍ അണിനിരത്തിയ ഓപ്പണ്‍ പരേഡ് ബസ്സില്‍ ടി20 ലോകകപ്പ് ഏറ്റുവാങ്ങുന്ന ടീമംഗങ്ങളുടെ ചിത്രവുമുണ്ടായിരുന്നു. മറൈന്‍ ഡ്രൈവ് മുതല്‍ വാംഖഡെ സ്റ്റേഡിയം വരെയായിരുന്നു വിക്ടറി പരേഡ്. വഴിയിലുടനീളം വലിയ ആരവങ്ങളേറ്റുവാങ്ങിയാണ് ബസ് പുറപ്പെട്ടത്. ആരാധകാവേശത്തില്‍ മതിമറന്ന രോഹിത്തിനെയും കോലിയെയും ദ്രാവിഡിനെയുമെല്ലാം അതിവൈകാരികമായി കാണപ്പെട്ടു. കിരീടം ഉയര്‍ത്തിയും തംപ്‌സ്അപ്പ് നല്‍കിയും കൈവീശിനല്‍കിയുമെല്ലാം താരങ്ങള്‍ ആരാധകരോട് സ്‌നേഹം പ്രകടിപ്പിച്ചു.
അതിനിടെ വേറിട്ട മറ്റൊരു മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ചു. റോഡിനോട് ചേര്‍ന്ന മരത്തിന് മുകളില്‍ ഓപ്പണ്‍ പരേഡ് വരുന്നതും കാത്ത് ഇരിപ്പുറപ്പിച്ച ആരാധകന്റെ ദൃശ്യം. ബസ് മരച്ചില്ലയുടെ അടുത്തെത്തിയതോടെ ആരാധകനും താരങ്ങളും തമ്മില്‍ നേരിയ അകല്‍ച്ച മാത്രമേ ഉണ്ടായിരുന്നുള്ളു. കിട്ടിയ അവസരം അദ്ദേഹം ഫോട്ടോയെടുക്കാന്‍ ഉപയോഗിച്ചു. ഒരുപക്ഷേ, പരേഡ് നടത്തിയ ടീമംഗങ്ങളെ ഏറ്റവും അടുത്തുനിന്ന് കണ്ട മനുഷ്യന്‍ അയാളായിരിക്കണം.
അങ്ങനെ ആളും ആരവങ്ങളുമായി പരേഡ് വാംഖഡെയിലെത്തി. സ്റ്റേഡിയത്തിനകത്ത് ബി.സി.സി.ഐ.യുടെ ഔദ്യോഗിക അനുമോദനച്ചടങ്ങുകളുണ്ടായിരുന്നു. പാട്ടും ഡാന്‍സുമായി താരങ്ങളും ആരാധകരും വാംഖഡെ സ്റ്റേഡിയത്തിനുള്ളില്‍ ആര്‍ത്തുല്ലസിച്ചു. ട്രോഫിയുമായി ടീമംഗങ്ങള്‍ വാംഖഡെയില്‍ കൂട്ടമായി നൃത്തച്ചുവടുകള്‍ നടത്തി.
തുടര്‍ന്ന് കോലിയുടെയും രോഹിത്തിന്റെയുമൊക്കെ വൈകാരികമായ പങ്കുവെക്കലുകള്‍. ഞാനും രോഹിത്തും ഇതിനുവേണ്ടി ദീര്‍ഘ പരിശ്രമം നടത്തിയെന്നും ഞങ്ങളെപ്പോഴും ഒരു ലോകകപ്പിനായി കൊതിച്ചിരുന്നെന്നും കോലി പറഞ്ഞു. 15 വര്‍ഷമായി രോഹിത്തിനൊപ്പം ഒരുമിച്ച് കളിക്കുന്ന ഞാന്‍ ഇതാദ്യമായാണ് അദ്ദേഹം വൈകാരികമായി കരയുന്നത് കണ്ടതെന്നും കോലി പറഞ്ഞത് വാംഖഡെയെ ഈറനണിയിച്ചു. അന്ന് ഞാനും കരഞ്ഞു. മറക്കാനാവില്ല ആ ദിവസം-കോലി പറഞ്ഞു.
വാംഖഡെയില്‍ രണ്ട് മാസം മുന്‍പുവരെ ഹാര്‍ദിക്-കോലി പക്ഷക്കാര്‍ തമ്മില്‍ അസ്വാരസ്യങ്ങളായിരുന്നല്ലോ. എന്നാല്‍ ഹാര്‍ദിക്കിനെ പുകഴ്ത്തിപ്പറയുകയാണ് രോഹിത് വാംഖഡെയില്‍ ചെയ്തത്. ഹാര്‍ദിക്കിന്റെ ശാന്ത മനോഭാവം മില്ലറെ പുറത്താക്കുന്നതിലേക്ക് നയിച്ചു. ഹാര്‍ദിക്കിന്റെ അവസാന ഓവറിനെയും രോഹിത് പുകഴ്ത്തി. ഈ സമയത്തെല്ലാം ഹാര്‍ദിക്! ഹാര്‍ദിക്! എന്ന് ഗാലറിയില്‍ ആരവങ്ങളുയര്‍ന്നു. രോഹിത്തിന്റെ വാക്കുകളെ പുഞ്ചിരിയോടെയാണ് ഹാര്‍ദിക് സ്വീകരിച്ചത്. അവസാനം ടീമംഗങ്ങള്‍ക്ക് ബി.സി.സി.ഐ. വാഗ്ദാനം ചെയ്ത 125 കോടി രൂപയുടെ ചെക്ക് കൈമാറല്‍ ചടങ്ങും വാംഖഡെയില്‍ നടന്നു. 2011-ന് ശേഷമുള്ള ഇന്ത്യയുടെ ആദ്യത്തെ ഐ.സി.സി. ലോകകപ്പാണിത്.