തൂൺവാടക അടയ്ക്കാത്തതിന് വൈദ്യുതത്തൂണുകളിൽനിന്ന് കേബിൾ അഴിച്ചുമാറ്റിയ കെ.എസ്.ഇ.ബി.ക്ക് പണികൊടുത്ത് ബി.എസ്.എൻ.എൽ. വൈദ്യുതി ഓഫീസിലെ ടെലിഫോൺ ബന്ധം വിച്ഛേദിച്ചാണ് ബി.എസ്.എൻ.എൽ. തിരിച്ചടിച്ചത്.
ബി.എസ്.എൻ.എൽ. ഫ്രാഞ്ചൈസികൾ വൈദ്യുതത്തൂണുകളിൽ കേബിൾ വലിച്ചയിനത്തിൽ വാടകയായി നീലേശ്വരം വൈദ്യുതി സെക്ഷനിൽ എട്ടുലക്ഷം രൂപ അടയ്ക്കാനുണ്ട്. കുടിശ്ശിക അടയ്ക്കണമെന്നാവശ്യപ്പെട്ട് പലതവണ ബി.എസ്.എൻ.എല്ലിന് കത്ത് നൽകിയെങ്കിലും അത് ഗൗരവമായെടുത്തില്ല. ഇതേതുടർന്ന് വൈദ്യുതത്തൂണുകളിലെ കേബിളുകൾ മാറ്റുമെന്ന് കെ.എസ്.ഇ.ബി. അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
വ്യാഴാഴ്ച രാവിലെ കേബിളുകൾ അഴിച്ചുമാറ്റി. ഇതിന് തൊട്ടുപിന്നാലെയാണ് നീലേശ്വരം വൈദ്യുത സെക്ഷൻ ഓഫീസിലേക്കുള്ള ടെലിഫോൺ ബന്ധം ബി.എസ്.എൻ.എൽ. അധികൃതർ വിച്ഛേദിച്ചത്. ഇന്റർനെറ്റ് അടക്കമുള്ള കണക്ഷൻ വിച്ഛേദിച്ചതോടെ വൈദ്യുതി സെക്ഷൻ ഓഫീസിലെ ബില്ലിങ്ങും മറ്റ് ഇടപാടുകളും മുടങ്ങി. കെ.എസ്.ഇ.ബി. അധികൃതർ ബി.എസ്.എൻ.എൽ. ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല
ഒടുവിൽ
ടെലികോം ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടശേഷം ഉച്ചയോടെയാണ് ടെലിഫോൺ
ബന്ധം പുനഃസ്ഥാപിച്ചത്. പ്രതികാരമെന്ന് വൈദ്യുതജീവനക്കാർ ആരോപിക്കുമ്പോൾ
വൈദ്യുതവകുപ്പ് ജീവനക്കാർ കേബിളുകൾ മുറിച്ചുമാറ്റിയപ്പോഴുണ്ടായ പിഴവാണ്
തകരാറിന് കാരണമെന്നാണ് ബി.എസ്.എൻ.എൽ. അധികൃതർ പറയുന്നു.