'ചെകുത്താൻ' ഗെയിം; 15-കാരന്റെ മരണം 'ഓൺലൈൻ ടാസ്ക്' അനുകരണമെന്ന് സൂചന... #Crime_News

 

 


കപ്രശ്ശേരിയിൽ പത്താംക്ളാസ് വിദ്യാർഥി മരിച്ചത് ഓൺലൈൻ ഗെയിമിലെ ടാസ്ക് അനുകരിച്ചത് മൂലമാണെന്ന് സൂചന. വടക്കുഞ്ചേരി വീട്ടിൽ ജെയ്‌മിയുടെ മകൻ അഗ്നലിനെയാണ് (15) വെള്ളിയാഴ്ച വൈകീട്ട് വീടിനകത്ത് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്

ഓൺലൈൻ ഗെയിമിന്‍റെ ഭാഗമായി ചെയ്ത സാഹസിക കാര്യങ്ങൾ മൂലം ജീവഹാനി സംഭവിച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം. ജെയ്‌മിയുടെ ഫോണിൽ രഹസ്യ നമ്പറുണ്ടാക്കിയാണ് അഗ്നൽ ഗെയിം കളിച്ചിരുന്നതെന്നു പറയുന്നു. അമ്മയുടെ ഫോണിൽ ഡെവിൾ എന്ന പേരിലുള്ള ഗെയിം കണ്ടെത്തിയിട്ടുണ്ട്. ഫോൺ ഫൊറൻസിക് പരിശോധനക്കായി പോലീസ് എടുത്തു. വെള്ളിയാഴ്ച സ്കൂൾ വിട്ട ശേഷം വീട്ടിലേക്ക് വരുന്ന വഴി മറ്റൊരു ഫോണിൽ നിന്ന് അഗ്നൽ ജെയ്‌മിയെ വിളിച്ചിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ടാക്സി ഡ്രൈവറായ ജെയ്‌മി കളമശ്ശേരിയിൽനിന്ന് ഓട്ടം കഴിഞ്ഞ് വരുകയാണെന്നും ഉടനെ വീട്ടിലെത്തുമെന്നും അറിയിച്ചിരുന്നു.

വീട്ടിലെത്തിയ അഗ്നൽ അമ്മ ജിനിയോട് കുടുംബ വിശേഷങ്ങൾ പറഞ്ഞു. മംഗലാപുരത്ത് നഴ്സിങ്ങിന് പഠിക്കുന്ന ഏക സഹോദരി എയ്ഞ്ചലിനെ കാണാൻ ശനിയാഴ്ച കുടുംബസമേതം പോകാൻ തീരുമാനിച്ചിരുന്നു. ഇതിനായി പലഹാരമുണ്ടാക്കുന്ന തിരക്കിലായിരുന്നു ജിനി. അതിനിടെയാണ് അഗ്നൽ കിടപ്പുമുറിയിലേക്ക് പോയത്. കുറച്ചു കഴിഞ്ഞ് ജെയ്‌മിയും വീട്ടിലെത്തി. അഗ്നലിനെ കാണാൻ മുറിയിലെത്തിയപ്പോൾ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഏറെ നേരം വിളിച്ചിട്ടും വാതിൽ തുറന്നില്ല.

സംശയം തോന്നിയ ജെയ്‌മി വീടിന്റെ മുകൾനിലയിൽ വാടകയ്ക്ക് താമസിക്കുന്ന സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥനെ വിവരം അറിയിച്ചു. തുടർന്ന് ഇരുവരും ചേർന്ന് വാതിൽ ചവിട്ടി തുറന്നപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ അഗ്നലിനെ കണ്ടെത്തിയത്. ഉടനെ ദേശം സി.എ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശനിയാഴ്ച മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. വൈകീട്ട് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കപ്രശ്ശേരി ലിറ്റിൽ ഫ്ളവർ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. വിദ്യാർഥിയുടെ മരണത്തിന്റെ കാരണമറിയാൻ നെടുമ്പാശ്ശേരി പോലീസ് അന്വേഷണം തുടങ്ങി.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0