പച്ചക്കറിവില ഉയരുന്നു, കർഷകന്റെ നഷ്ടവും; ലഭിക്കുന്നത് മൂന്നിലൊന്ന് വില മാത്രം... #Kerala_News

 


പൊതുവിപണിയിൽ പച്ചക്കറിവില ഉയർന്നുനിൽക്കുമ്പോഴും കർഷകർക്ക് ലഭിക്കുന്നത് മൂന്നിലൊന്ന് മാത്രം. പാവയ്ക്ക, പടവലം, പയർ, നേന്ത്രക്കായ തുടങ്ങിയവയാണ് പ്രധാനമായും പാലക്കാട് ജില്ലയിൽ ഉത്പാദിപ്പിക്കുന്നത്. വി.എഫ്.പി.സി.കെ.യുടെ 22 സ്വാശ്രയ കർഷകസമിതികൾ വഴിയാണ് കർഷകർ പ്രധാനമായും ഉത്പന്നം വിൽക്കുന്നത്.

കഴിഞ്ഞയാഴ്ചവരെ കിലോഗ്രാമിന് 22 രൂപ ലഭിച്ചിരുന്ന പടവലത്തിന്റെ വില 12 രൂപയിലെത്തി. പൊതുവിപണിയിൽ 40 രൂപയ്ക്കാണ് ഒരുകിലോ പടവലങ്ങ വിൽക്കുന്നത്. പാവയ്ക്ക 60 രൂപയ്ക്ക് വിൽക്കുമ്പോൾ കർഷകന് ലഭിക്കുന്നത് 32 രൂപയാണ്. രണ്ടാഴ്ചമുമ്പ് കർഷകന് 60 രൂപ ലഭിച്ചിരുന്നു. പയറിന് കർഷകന് 60 രൂപ ലഭിക്കുമ്പോൾ ചില്ലറവിൽപ്പന വില 90 രൂപയാണ്. രണ്ടാഴ്ചമുമ്പ് പയറിന് 70 രൂപയാണ് കർഷകന് ലഭിച്ച വില.

നേന്ത്രപ്പഴം 60 രൂപയ്ക്ക് വിൽക്കുമ്പോൾ കർഷകർക്ക് ലഭിക്കുന്ന വില 55-ൽ നിന്ന് 45-ൽ എത്തി. പാവക്കയ്ക്ക് 40 രൂപയും പടവലത്തിന് 30 രൂപയും ലഭിച്ചാലേ കൃഷി മുന്നോട്ടു കൊണ്ടുപോകാനാവുകയുള്ളൂവെന്ന് എലവഞ്ചേരിയിലെ പച്ചക്കറി കർഷകനായ എം. വിജയകുമാർ പറയുന്നു. ഉത്പാദനം കൂടിയതാണ് വിലയിടിവിന് കാരണമായതെന്ന് വി.എഫ്.പി.സി.കെ. അധികൃതർ പറഞ്ഞു. വിളവെടുപ്പ് തുടങ്ങിയ സമയത്തുതന്നെ വില കുറഞ്ഞുതുടങ്ങിയതിനാൽ വരുംദിവസങ്ങളിൽ വില കുറയുമെന്നാണ് സൂചന.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0