സാങ്കേതികമായി വലിയ മുന്നേറ്റമാണ് സമീപകാലത്ത് സ്വകാര്യ ടെലികോം കമ്പനികളുണ്ടാക്കിയത്. 3 ജിയില്‍ നിന്ന് 4ജിയിലേക്കും 5ജിയിലേക്കും അതിവേഗമാണ് കമ്പനികള്‍ പരിഷ്‌കരിക്കപ്പെട്ടത്. എന്നാല്‍ ഈ മത്സരത്തില്‍ വളരെക്കാലം പിന്നിലായിരിക്കുകയാണ് പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്‍. 4ജി വിന്യാസം ആരംഭിച്ചുവെങ്കിലും അത് ധ്രുതഗതിയിലാക്കാന്‍ ബിഎസ്എന്‍എല്ലിന് സാധിക്കുന്നില്ല.
ഈ പരാധീനതകള്‍ക്ക് ആശ്വാസമായാണ് ഈ വര്‍ഷത്തെ കേന്ദ്രബജറ്റില്‍ ബിഎസ്എന്‍എല്ലിന് വേണ്ടി സര്‍ക്കാര്‍ വന്‍ തുക മാറ്റിവെച്ചിരിക്കുന്നത്. 82,916 കോടി രൂപയാണ് ബിഎസ്എന്‍എലിന്റെ അടുത്തഘട്ട വളര്‍ച്ചയ്ക്കായി സര്‍ക്കാര്‍ അനുവദിച്ചത്.4ജി സേവനങ്ങള്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുന്നതുള്‍പ്പടെയുള്ള വിവിധ പദ്ധതികള്‍ക്ക് ഇതുവഴി ബിഎസ്എന്‍എലിന് സാധിച്ചേക്കും. 2022-23 സാമ്പത്തികവർഷം 26,386.44 കോടി രൂപയും 2023-24 സാമ്പത്തികവർഷത്തെ പുതുക്കിയ ബജറ്റിൽ 64,787.17 കോടി രൂപയും കമ്പനിക്കായി നീക്കിവെച്ചിരുന്നു.
തദ്ദേശീയമായി നിര്‍മിച്ച 4ജി നെറ്റ് വര്‍ക്ക് സാങ്കേതിക വിദ്യകളാണ് ബിഎസ്എന്‍എല്‍ 4ജി വിന്യാസത്തിനായി ഉപയോഗിക്കുക. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), സിഡോട്ട് എന്നിവരുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുന്നത്. 4ജി സാങ്കേതിക വിദ്യക്കായി അടുത്തിടെ ടാറ്റയുമായി ബിഎസ്എന്‍എല്‍ കരാറിലെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ടിസിഎസ് വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയില്‍ ഈ വര്‍ഷം ഡിസംബറോടുകൂടി ഒരു ലക്ഷം 4ജി ടവറുകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് വേണ്ടി 15000 കോടി രൂപയുടെ കരാറാണ് ടിസിഎസും ബിഎസ്എന്‍എലും തമ്മിലുണ്ടായിക്കിയിരിക്കുന്നത്. നിലവില്‍ ബിഎസ്എന്‍എലിന്റെ 20000 ടവറുകളില്‍ മാത്രമാണ് 4ജി എത്തിയിട്ടുള്ളൂ.
ടവറുകളുടെ എണ്ണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ ബജറ്റ് വിഹിതം ബിഎസ്എന്‍എലിനെ സഹായിക്കും. രാജ്യത്ത് ഒന്നരലക്ഷ്യം ടവറുകള്‍ സ്ഥാപിക്കാനാണ് ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നത്. കേരളത്തില്‍ നിലവിലുള്ള 6000 ടവറുകളുടെ സ്ഥാനത്ത് 14000 ടവറുകളെത്തും.
നിലവില്‍ സ്വകാര്യ കമ്പനികള്‍ നല്‍കുന്ന താരിഫ് നിരക്കുകളേക്കാള്‍ വളരെ കുറഞ്ഞ നിരക്കിലുള്ള സേവനങ്ങളാണ് ബിഎസ്എന്‍എല്‍ നല്‍കിവരുന്നത്. എന്നാല്‍ അതിവേഗ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുടെ അഭാവമാണ് ബിഎസ്എന്‍എലിലേക്ക് മാറുന്നതില്‍ നിന്ന് ഉപഭോക്താക്കളെ തടയുന്ന പ്രധാന ഘടകങ്ങളിലൊന്ന്.
ആകെ ഒരുലക്ഷംകോടി രൂപയാണ് ബി.എസ്.എൻ.എൽ.-എം.ടി.എൻ.എൽ. കമ്പനികൾക്കായി ബജറ്റിലുള്ള നീക്കിയിരിപ്പ്. 1,11,915.43 കോടി രൂപയാണ് ടെലികോം മന്ത്രാലയത്തിനു തനതു ഫണ്ടായി നീക്കിവെച്ചത്. ബാക്കി 17,000 കോടി രൂപ യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ടിൽനിന്നാണ് ലഭ്യമാക്കുക. ടെലികോം സേവനദാതാക്കൾ, ഭാരത് നെറ്റ്, ഗവേഷണ വികസന പ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ള വിവിധ പദ്ധതികൾക്കായാണ് ഈ പണം ലഭ്യമാക്കുക. ടെലികമ്യൂണിക്കേഷൻസ് വകുപ്പ് ജീവനക്കാർക്കുള്ള പെൻഷൻ പദ്ധതികൾക്കായി 17,510 കോടി രൂപയും എം.ടി.എൻ.എൽ. കടപ്പത്രങ്ങളുടെ തുക മടക്കിനൽകാൻ 3668.97 കോടി രൂപയും ചെലവിടും.