സെൽഫി എടുക്കുന്നതിനിടെ യുവതി ട്രയിനിടിച്ച് മരിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. മെക്സിക്കോയിൽ തിങ്കളാഴ്ചയായിരുന്നു അപകടം.
പ്രത്യേക യാത്ര നടത്തുന്ന പഴയകാല ആവി എൻജിനിൽ പ്രവർത്തിക്കുന്ന ട്രെയിൻ പോകുന്നത് കാണാനായി നിരവധിപേർ ഹിഡാൽഗോ എന്ന സ്ഥലത്ത് ഒത്തുകൂടുകയായിരുന്നു. ഇതിനിടയിൽ ദൃശ്യങ്ങൾ പകർത്തുമ്പോഴായിരുന്നു അപ്രതീക്ഷിതമായ അപകടം.
പലരും പാളത്തിനു സമീപം നിൽക്കുന്നതും ചിത്രങ്ങൾ പകർത്തുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാം. ഓറഞ്ച് വസ്ത്രമണിഞ്ഞ യുവതി പാഞ്ഞുവരുന്ന ട്രെയിനിനൊപ്പം സെൽഫി എടുക്കാൻ ശ്രമിക്കുന്നതും ട്രയിനിന്റെ എൻജിൻ ഇവരുടെ തലയ്ക്ക് പിന്നിൽ ഇടിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
യുവതിക്കൊപ്പം ഉണ്ടായിരുന്ന കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെടുന്നതും വീഡിയോയിലുണ്ട്. ട്രെയിൻ ഇടിച്ച് വീണ യുവതിയെ ഒപ്പമുണ്ടായിരുന്ന യുവാവ് താങ്ങിയെടുക്കുന്നതും ചുറ്റുമുണ്ടായിരുന്നവർ പരിഭ്രാന്തരായി നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം.