ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 15 ജൂൺ 2024 #NewsHeadlines

• കുവൈറ്റ് ദുരന്തത്തില്‍ മരിച്ച 31 പേരുടെ മൃതദേഹങ്ങള്‍ പ്രത്യേക വ്യോമസേന വിമാനത്തില്‍ കൊച്ചിയില്‍ എത്തിച്ചു. നെടുമ്പാശ്ശേരിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേര്‍ന്ന് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി.

• ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 5.18 ലക്ഷം കോടി ഡോളറായി ഉയര്‍ന്നു. ഇതോടെ ബിഎസ്ഇ ഹോങ്കോങ് ഓഹരി വിപണിയെ മറികടന്ന് നാലാമത്തെ വലിയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായി.

• യുറോകപ്പ്‌ ഫുട്‌ബോളിൽ ആതിഥേയരായ ജർമനിക്ക്‌ തകർപ്പൻ തുടക്കം. സ്‌കോട്ലൻഡിനെ 5-1ന്‌ കീഴടക്കിയാണ് വിജയം കണ്ടത്.

• യൂണിയൻ പബ്ലിക് സർവീസ് കമീഷൻ നടത്തുന്ന 2024-ലെ സിവിൽ സർവീസ് പരീക്ഷയുടെ ആദ്യഘട്ടം ഞായറാഴ്ച നടക്കും.

• നീറ്റ്‌ ക്രമക്കേടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ വിദ്യാർഥികർ സമർപ്പിച്ച ഹർജിയിൽ ദേശീയ ടെസ്റ്റിങ്‌ ഏജൻസിക്കും കേന്ദ്രസർക്കാരിനും നോട്ടീസയച്ച്‌ സുപ്രീംകോടതി.

• അന്താരാഷ്ട്രതല എണ്ണ ഇടപാടുകൾക്ക്‌ ഡോളർ അടിസ്ഥാന കറൻസിയായി  ഉപയോഗിക്കുമെന്ന ധാരണയിൽനിന്ന്‌ പിന്മാറി സൗദി അറേബ്യ. അമേരിക്കയുമായി നിലനിന്ന 50 വർഷം പഴക്കമുള്ള കരാറാണ്‌ പുതുക്കേണ്ടെന്ന്‌ തീരുമാനിച്ചത്‌.

• സൗരയൂഥത്തിൽ ഏറ്റവും അകലെ എത്തിയ ബഹിരാകാശ പേടകം വോയേജർ 1  വീണ്ടും പൂർണതോതിൽ പ്രവർത്തിച്ചു തുടങ്ങി. പ്ലൂട്ടോയും കടന്ന്‌ ഇന്റർസ്റ്റെല്ലാർ സ്‌പേയ്‌സ്‌ വഴി സഞ്ചരിക്കുന്ന പേടകത്തിൽനിന്ന്‌ നിരീക്ഷണ വിവരങ്ങൾ ലഭിച്ചു തുടങ്ങിയതായി നാസ അറിയിച്ചു.

• ദക്ഷിണാഫ്രിക്കയിൽ രണ്ടാം തവണയും പ്രസിഡൻ്റാകാൻ തയാറെടുത്ത് സിറിൽ റാമഫോസ. പ്രതിപക്ഷ പാർടിയായ ഡെമോക്രാറ്റിക് അലയൻസുമായി സഖ്യമുണ്ടാക്കിയാണ് റാമഫോസ വീണ്ടും അധികാരത്തിൽ തുടരുന്നത്.

• ട്വന്റി20 ലോകകപ്പിൽ പാകിസ്താന്‍ സൂപ്പര്‍ എട്ട് കാണാതെ പുറത്തായി. ആദ്യമായി അന്താരാഷ്ട്ര ക്രിക്കറ്റിലെത്തിയ യു.എസ്.എ ഗ്രൂപ്പ് എയില്‍നിന്ന് ഇന്ത്യയോടൊപ്പം സൂപ്പര്‍ എട്ട് റൗണ്ടിലേക്ക് യോഗ്യത നേടി.
MALAYORAM NEWS is licensed under CC BY 4.0