ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 12 ജൂൺ 2024 #NewsHeadlines


• നീറ്റ് പരീക്ഷ വിവാദത്തില്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കും കേന്ദ്രത്തിനും നോട്ടീസ് അയച്ച് സുപ്രീം കോടതി. പരീക്ഷയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടെന്നും സുപ്രീം കോടതി വിമര്‍ശിച്ചു.

• 18-ാം ലോക്‌സഭയിലേയ്‌ക്കുള്ള തെരഞ്ഞെടുപ്പിൽ ഇവിഎമ്മുകളിൽ രേഖപ്പെടുത്തിയ വോട്ടും ഫലപ്രഖ്യാപനത്തിനായി എണ്ണിയ വോട്ടും തമ്മിൽ അഞ്ചരലക്ഷത്തിൽ ഏറെ വോട്ടുകളുടെ വ്യത്യാസം. 543ൽ 538 മണ്ഡലത്തിലും വ്യത്യാസം കണ്ടെത്തി.

• പത്മശ്രീ ജേതാവായ സരോദ് വിദ്വാന്‍ പണ്ഡിറ്റ് രാജീവ് താരാനാഥ് അന്തരിച്ചു. 91 വയസായിരുന്നു. മൈസൂരുവിലായിരുന്നു അന്ത്യം.

• ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഖത്തറിനോട്‌ 1-2ന്‌ തോറ്റ്‌ ഇന്ത്യ ലോകകപ്പ്‌ യോഗ്യതാ റൗണ്ടിൽനിന്ന്‌ പുറത്തായി.

• കേരളത്തിന്റെ സ്റ്റാർട്ടപ്‌ ആവാസവ്യവസ്ഥയുടെ മൂല്യവർധന ആഗോള ശരാശരിയുടെ അഞ്ചിരട്ടിയെന്ന്‌ റിപ്പോർട്ട്‌. ആഗോള ശരാശരി മൂല്യവർധന 46 ശതമാനവും കേരളത്തിന്റേത്‌ 254ഉം ആണ്‌.

• ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനം ഗണ്യമായി കുറച്ച്‌ 2050ഓടെ കാർബൺ ന്യൂട്രൽ കേരളം എന്ന ലക്ഷ്യം കൈവരിക്കാനാണ്‌ ശ്രമിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.

• സ്വന്തമായി ഉൽപ്പാദിപ്പിച്ച് ഉപയോഗിക്കുന്ന സൗരോർജ വൈദ്യുതിക്ക് ഡ്യൂട്ടി ഒഴിവാക്കുന്ന കാര്യം സർക്കാർ പരിഗണനയിലാണെന്ന് വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടി.

• ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ച പനികൾക്കെതിരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.

• ലഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദിയെ ഇന്ത്യയുടെ പുതിയ കരസേനാ മേധാവിയായി നിയമിച്ചു. ഈ മാസം 30-ന് ചുമതലയേല്‍ക്കും. കാലാവധി നീട്ടി ഒരു മാസത്തിനുശേഷം നിലവിലെ കരസേനാ മേധാവി ജനറല്‍ മനോജ് സി. പാണ്ഡെ ജൂണ്‍ 30-ന് സ്ഥാനമൊഴിയുന്നതോടെയാകും ഉപേന്ദ്ര ദ്വിവേദിയുടെ നിയമനം.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0