ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 04 ജൂൺ 2024 #NewsHeadlines

• ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലമറിയാനുള്ള രാജ്യത്തിന്റെ കാത്തിരിപ്പ് അവസാനിക്കാന്‍ നിമിഷങ്ങൾ മാത്രം. എൺപത് ദിവസത്തോളം നീണ്ടുനിന്ന വോട്ടിംഗ് പ്രക്രിയ്ക്ക് ശേഷം രാജ്യം ആര് ഭരിക്കുമെന്ന ചോദ്യത്തിനുത്തരം ഇന്ന് ലഭിക്കും.

• രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം പരിഗണിക്കുക പോസ്റ്റൽ വോട്ടുകൾ ആയിരിക്കും. അരമണിക്കൂറിന് ശേഷം വോട്ടിങ് മെഷീനിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. ആദ്യ ഫല സൂചനകൾ 9 മണിയോടെ അറിയാൻ കഴിയും.

• സംസ്ഥാനത്ത് അതി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പുമുണ്ട്. എറണാകുളം കോഴിക്കോട് ജില്ലകളിലാണ് അതിശക്തമായ മഴ മുന്നറിയിപ്പുള്ളത്.

• രാജ്യത്ത് പാല്‍വില വര്‍ധിപ്പിച്ച് പാലുല്പാദന കമ്പനികളായ അമൂലും മദര്‍ഡയറിയും. ലിറ്ററിന് 2 രൂപയാണ് വര്‍ധിപ്പിച്ചത്.

• വർണ്ണാഭമായ ചടങ്ങുകളോടെയാണ് സ്കൂൾ പ്രവേശനോത്സവ പരിപാടികൾ നടന്നു. മധുരം നൽകിയും, തൊപ്പികൾ അണിയിച്ചും വിദ്യാർത്ഥികളെ അധ്യാപകർ സ്കൂളികളിലേക്ക് സ്വീകരിച്ചു.

• ആധാര്‍ അധിഷ്ഠിത വേതന വിതരണം (എബിപിഎസ്) നിലവില്‍ വന്നതോടെ രാജ്യത്തെ 25 കോടി തൊഴിലുറപ്പ് തൊഴിലാളികളില്‍ 30 ശതമാനവും പദ്ധതിക്ക് പുറത്തായതായി റിപ്പോർട്ട്.

• ബജ്‌റംഗ് പൂനിയയുടെ സസ്‌പെൻഷൻ റദ്ദാക്കി ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി. സെലക്ഷൻ ട്രയൽസിന് ശേഷം ഉത്തേജക മരുന്ന് പരിശോധനയ്ക്ക് സാമ്പിൾ നൽകാത്തതിനാലാണ് ടോക്കിയോ ഒളിമ്പിക്സ് മെഡൽ ജേതാവും ദേശീയ ഗുസ്തി താരവുമായ ബജ്‌റംഗ് പൂനിയയെ സസ്‌പെൻഡ് ചെയ്തത്.

• കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ ഒഡിഷയില്‍ സൂര്യാഘാതമേറ്റ് മരിച്ചത് 20 പേര്‍. സംസ്ഥാനത്ത് കഠിനമായ ഉഷ്ണതരംഗമാണ് അനുഭവപ്പെടുന്നത്. പല ജില്ലകളിലായി സൂര്യാഘാതം മൂലമെന്ന് സംശയിക്കുന്ന 99 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

• പാകിസ്ഥാന് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നൽകിയ കേസിൽ ബ്രഹ്‍മോസ് എയ്റോസ്പേസ് മുൻ എൻജിനിയര്‍ക്ക് ജീവപര്യന്തം തടവ്. നാ​ഗ്പുരിലെ ബ്രഹ്മോസിന്റെ മിസൈൽ സെന്ററിൽ ടെക്നിക്കൽ റിസര്‍ച്ച് വിഭാ​ഗത്തിൽ ജോലി ചെയ്യുകയായിരുന്ന നിഷാന്ത് അ​ഗര്‍വാളിനെയാണ് 14 വര്‍ഷം തടവിന് ശിക്ഷിച്ചത്.

• ദക്ഷിണാഫ്രിക്കൻ തെരഞ്ഞെടുപ്പ്‌ കമീഷൻ ഔദ്യോഗിക ഫലം പുറത്തുവിട്ടപ്പോൾ ദേശീയ തെരഞ്ഞെടുപ്പിൽ ഒരു പാർടിക്കും കേവലഭൂരിപക്ഷമില്ല. 30 വർഷമായി രാജ്യത്തെ നയിക്കുന്ന ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്‌ ലഭിച്ചത്‌ 159 സീറ്റ്‌ മാത്രം.

• ടി20 ലോക കപ്പില്‍ ഡി ഗ്രൂപ്പില്‍ ന്യൂയോര്‍ക്കിലെ നസൗ കൗണ്ടി അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന ശ്രീലങ്കയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള മത്സരത്തില്‍ ആറു വിക്കറ്റിന്റെ അനായാസ വിജയം നേടി സൗത്ത് ആഫ്രിക്ക.
MALAYORAM NEWS is licensed under CC BY 4.0