ചപ്പാരപ്പടവ് : പുതുവര്‍ഷത്തെ ആഘോഷമായി വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങുകയാണ്. കഴിഞ്ഞു പോയ നാളുകളെക്കാള്‍ സമൃദ്ധിയും സന്തോഷവും പുതുവര്‍ഷത്തില്‍ ജീവിതത്തിലേക്ക് വരുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. കൂട്ടായ്മ്മകള്‍ക്ക് കൂടുതല്‍ കരുത്തേകാന്‍ ഇത്തരം ആഘോഷങ്ങള്‍ സഹായിക്കുന്നു. യാന്ത്രികമായ ജീവിതത്തെ ഇത്തരം ആഘോഷ പരിപാടികള്‍ നിറം പകരുന്നു എന്നതില്‍ തര്‍ക്കമില്ല.
പതിവ് തെറ്റിക്കാതെ ഇത്തവണയും വൈവിധ്യമാര്‍ന്ന പരിപാടികള്‍കൊണ്ട് പുതുവത്സരത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് കണ്ണൂര്‍ ജില്ലയില്‍ ചപ്പാരപ്പടവ് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന മംഗരയും. സ്പാര്‍ക്ക് ക്ലബ്ബിന്റെ സംഘാടനത്തില്‍ സാസ്കാരിക സമ്മേളനത്തിനും കലാപരിപാടികള്‍ക്കുമൊപ്പം ശ്രദ്ധനേടുകയാണ് 40 അടി ഉയരത്തില്‍ തയ്യാറാക്കിയ കാര്‍ട്ടൂണ്‍ കഥാപാത്രമായ ടോം & ജെറിയുടെ രൂപം.
| ടോം& ജെറി ശില്‍പ്പവും അണിയറയില്‍ പ്രവര്‍ത്തിച്ച സ്പാര്‍ക്ക് ക്ലബ്ബ് പ്രവര്‍ത്തകരായ ഉണ്ണി കൃഷ്ണന്‍, ജിതിന്‍, നന്ദു, ശ്രീരാഗ് എന്നിവരും. |
കഴിഞ്ഞ വര്‍ഷങ്ങളിലും ഇത്തരത്തില്‍ വ്യതസ്തങ്ങളായ രൂപങ്ങള്‍ നിര്‍മ്മിച്ചുവെങ്കിലും ഇത്രയും വലുപ്പത്തിലുള്ളത് ആദ്യമാണ്. ക്ലബ്ബ് പ്രവര്‍ത്തകനായ നന്ദുവിന്റെ നേതൃത്വത്തിലാണ് നിര്‍മ്മാണം. സ്കൂള്‍ കാലഘട്ടം മുതല്‍ കളിമണ്ണിലും മറ്റുമായി നിരവധി ശില്പങ്ങള്‍ നിര്‍മ്മിച്ച് ശ്രദ്ധനേടിയിട്ടുള്ള നന്ദുവിനെ സഹായിക്കാനായി ചിത്രകാരനായ ഉണ്ണികൃഷ്ണന്‍, ശ്രീരാഗ്, ജിതിന്‍ എന്നിവരും മറ്റ് ക്ലബ്ബ് പ്രവര്‍ത്തകരും കൂടെയുണ്ട്. ജോലി കഴിഞ്ഞ് രാത്രി 8 മുതല്‍ പുലര്‍ച്ചെ രണ്ട് മണിയോളം പണിപ്പെട്ടാണ് ടോമിനെയും ജെറിയെയും പൂര്‍ത്തിയാക്കിയത്. മുളയും പുല്ലും കടലാസും തുടങ്ങിയ പ്രകൃതി സൗഹൃദ പാഴ്വസ്തുക്കള്‍ ഉപയോഗിച്ച് ഏതാണ്ട് ഒരുമാസം സമയമെടുത്താണ് അതിമനോഹര രൂപം ഇവര്‍ തയ്യാറാക്കിയത്. പ്രശോഭ് ടിപി സെക്രട്ടറിയും മഹേഷ് പിഎം പ്രസിഡന്റുമായ കമ്മിറ്റിയാണ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത്. കലാ - കായികം, സാംസ്‌കാരികം, വിദ്യാഭ്യാസം, പ്രകൃതി സംരക്ഷണം തുടങ്ങി വൈവിധ്യമായ മേഖലകളില്‍ ക്ലബ്ബിന്റെ പ്രവര്‍ത്തനം വിപുലീകരിച്ചിട്ടുണ്ട്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.