തിരുവല്ലം പാച്ചല്ലൂര്‍ റോഡിലും കോവളം ബൈപ്പാസ് ജങഷനിലും തിങ്കളാഴ്ച പുലര്‍ച്ചെയും വൈകീട്ടുമുണ്ടായ അപകടങ്ങളില്‍ രണ്ട് യുവാക്കള്‍ മരിച്ചു. പാച്ചല്ലൂര്‍ റോഡില്‍ പാറവിളയ്ക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ചുണ്ടായ അപകടത്തില്‍ കോവളം തൊഴിച്ചല്‍ വയലില്‍ പുത്തന്‍വിളയില്‍ മുത്തുകുമാറിന്റെയും ഷീലയുടെയും മകനായ വിഗ്‌നേഷ് കുമാര്‍ (27) ആണ് മരിച്ചത്. കോവളം ബൈപ്പാസില്‍ ജങ്ഷനില്‍ സിഗ്‌നല്‍ തെറ്റിച്ച് കയറിയ കാര്‍ ബൈപ്പാസിലേക്ക് കയറി ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ വെളളായണി കാക്കാമൂല സി.എസ്.ഐ. പളളിക്ക് സമീപം വിനോദിന്റെയും സൗമ്യയുടെയും മകനായ ശ്രീക്കുട്ടന്‍ എന്ന വി.എസ്. വിപിന്‍ (21) ആണ് മരിച്ച രണ്ടാമത്തെ വ്യക്തി. ഒപ്പമുണ്ടായിരുന്ന സുഹൃത്തും 16 കാരനുമായ കാക്കാമൂല പുന്നവിള സ്വദേശി സൂരജിന് തലയ്ക്കും കാലിനും ഗുരുതര പരിക്കേറ്റു. ഇവര്‍ ഓടിച്ചിരുന്ന ബൈക്കിന്റെയും ഇടിച്ച കാറിന്റെയും മുന്‍വശം അപകടത്തില്‍ തകര്‍ന്നു.