മഴക്കാലത്ത് പാമ്പുകൾ വീട്ടിൽ കയറാതെ നോക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ....#Snake

 


മഴക്കാലത്ത് രോഗങ്ങളെപ്പോലെ തന്നെ ഇഴജന്തുക്കളേയും ഏറെ ശ്രദ്ധിക്കണം. മഴ ശക്തിപ്പെടുന്നതോടെ മാളങ്ങള്‍ ഇല്ലാതാവുമ്പോൾ പാമ്പുകൾ പുറത്തിറങ്ങും. മഴക്കാലത്ത് വീട്ടില്‍ പാമ്പുകള്‍ കയറാതെ നോക്കാൻ ചില മുൻകരുതലുകള്‍ സ്വീകരിക്കാം.

ഷൂസിനുള്ളിൽ പാമ്പുകള്‍ ചുരുണ്ട് കൂടിയിരിക്കാം: മഴക്കാലത്ത് ചെരുപ്പുകള്‍ക്ക് ഉള്ളില്‍ പാമ്പുകൾ ചുരുണ്ട് കൂടിയിരിക്കാനുള്ള സാധ്യത കൂടുതലാണ്. ഷൂസ് ഉപയോഗിക്കുന്നവർ നല്ല പോലെ പരിശോധിച്ച്‌ ഇഴജന്തുക്കള്‍ ഒന്നും തന്നെ അകത്തില്ലെന്ന് ഉറപ്പ് വരുത്തുക.

വാഹനങ്ങള്‍ ശ്രദ്ധിക്കുക: വാഹനങ്ങള്‍ എടുക്കുന്നതിന് മുമ്പ് പ്രത്യേകം ശ്രദ്ധിക്കുക. കാരണം, തണുത്ത അന്തരീക്ഷത്തില്‍ സ്‌കൂട്ടറിലും കാറിലുമൊക്കെ പാമ്പുകൾ പതുങ്ങിയിരിക്കാം. പാമ്പുകളില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം വാഹനം ഉപയോഗിക്കുക.
 
തുണികള്‍ കൂട്ടി ഇടരുത്: വസ്ത്രങ്ങള്‍ കുന്നുകൂട്ടി ഇടാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കാരണം, പലപ്പോഴും കൂട്ടിയിട്ട വസ്ത്രങ്ങളില്‍ പാമ്പുകള്‍ ചുരുണ്ട് കൂടി കിടക്കാനുള്ള സാധ്യത കൂടുതലാണ്.

ചപ്പുചവറുകള്‍ വൃത്തിയാക്കുക: മഴക്കാലത്ത് ചപ്പുചവറുകള്‍ കൂട്ടിയിടാതെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കരിയില, മരക്കഷ്ണം, തൊണ്ട് എന്നിവിടങ്ങളിൽ പാമ്പുകള്‍ കയറി ഇരിക്കാനുള്ള സാധ്യത ഏറെയാണ്.

വള്ളിച്ചെടികള്‍ വെട്ടിമാറ്റുക: വള്ളി ചെടികള്‍ വെട്ടിമാറ്റാൻ പ്രത്യേകം ശ്രദ്ധിക്കണം. കാരണം വള്ളികളിലൂടെ പാമ്പുകള്‍ ചുറ്റി കിടക്കാനുള്ള സാധ്യത കൂടുതലാണ്. വള്ളി ചെടികളിലൂടെ പാമ്പുകള്‍ അകത്തേക്ക് കയറുന്നതിനും ഇടയാക്കും.

പട്ടിക്കൂട്, കോഴിക്കൂട് വൃത്തിയാക്കുക: പട്ടിക്കൂട്, കോഴിക്കൂട് എന്നിവക്ക് സമീപം പാമ്പുകള്‍ വരുന്നത് നാം കാണാറുണ്ട്. വളർത്തു മൃഗങ്ങളുടെ കൂടും പരിസരവും പരമാവധി വൃത്തിയായി സൂക്ഷിക്കാനും പ്രത്യേകം ശ്രദ്ധിക്കുക.

പൊത്തുകള്‍ അടക്കുക: വീടിന് സമീപത്ത് പൊത്തുകള്‍ ഉണ്ടങ്കില്‍ നിർബന്ധമായും അടക്കുക. കാരണം, പൊത്തുകള്‍ ഉള്ളയിടത്ത് പാമ്പുകള്‍ കയറിരിക്കാം.


MALAYORAM NEWS is licensed under CC BY 4.0