റൂബിന്‍ ലാലിന് ലോക്കപ്പില്‍ ക്രൂരമര്‍ദനം.... #Roobin_Lal

 


അതിരപ്പിള്ളിയില്‍ വനംവകുപ്പിന്റെ പരാതിയില്‍ ട്വന്റിഫോര്‍ പ്രാദേശിക ലേഖകനെതിരെ പൊലീസ് കേസെടുത്ത സംഭവത്തില്‍ ലോക്കപ്പ് മര്‍ദനവും. അതിരപ്പിള്ളി സിഐ ആന്‍ഡ്രിക് സ്റ്റേഷനില്‍ വച്ച് മര്‍ദിച്ചെന്ന് റൂബിന്‍ ലാല്‍ പറഞ്ഞു. രാത്രി മുതല്‍ റൂബിനെ അടിവസ്ത്രത്തിലാണ് നിര്‍ത്തിയത്. വനിതാ പൊലീസുകാരടക്കം ഡ്യൂട്ടി ചെയ്യുമ്പോഴും വസ്ത്രം നല്‍കിയില്ല. പിന്നീട് ഉന്നത പൊലീസുദ്യോഗസ്ഥര്‍ ഇടപെട്ടതോടെയാണ് വസ്ത്രം പോലും നല്‍കിയത്.

വനംവകുപ്പിന്റെ പരാതിയില്‍ ട്വന്റിഫോര്‍ അതിരപ്പള്ളി പ്രാദേശിക ലേഖകന്‍ റൂബിന്‍ ലാലിനെ ഇന്നലെ അര്‍ധരാത്രി വീട് വളഞ്ഞായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ കാട്ടുപന്നി വാഹനം ഇടിച്ചു കിടക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ റൂബിന്‍ ലാലിനെ വനം ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ്  വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരാതി നല്‍കിയത്. റൂബിന്‍ ലാല്‍ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നായിരുന്നു പരാതി.
ഇന്നലെ രാവിലെയാണ് അതിരപ്പള്ളിയില്‍ വാഹനമിടിച്ച് പരുക്കേറ്റ് കിടന്ന പന്നിയുടെ ദൃശ്യങ്ങളെടുക്കാന്‍ റൂബിന്‍ ലാല്‍ എത്തിയത്. 


സംഭവത്തില്‍ വനംവകുപ്പ് വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. സിസിഎഫിന്റെ അന്വേഷണം പ്രഖ്യാപിച്ചതിനിടെ കേസെടുത്തത് എന്തിനാണെന്നും റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുമെന്നും മന്ത്രി  പറഞ്ഞു.

MALAYORAM NEWS is licensed under CC BY 4.0