ഉളിക്കൽ ടൗണിനടുത്ത കോക്കാട് ജങ്ഷനിൽ അപകടം പതിവായി. ഇവിടെ ട്രാഫിക് നിയന്ത്രിക്കുന്നതിന് ഒരു നടപടിയും അധികൃതർ എടുത്തിട്ടില്ല. ഉളിക്കൽ ടൗൺ മുതൽ റോഡിന് ഇരുവശവും വാഹനങ്ങൾ നിർത്തിയിടുന്നത് ഗതാഗതത്തിന് കുരുക്കാകുന്നു.
കിഫ്ബി പദ്ധതിയിൽ പ്രവൃത്തി പൂർത്തിയാക്കി തുറന്നുകൊടുത്ത തേർമല-കണിയാർവയൽ റോഡിൽനിന്നുള്ള വാഹനങ്ങൾ നേരിട്ട് മലയോരഹൈവേയിലേക്ക് പ്രവേശിക്കുന്നത് കോക്കാട് കവലയിലാണ്.
ഇവിടെ ആവശ്യത്തിന് സിഗ്നൽ സംവിധാനമോ ട്രാഫിക് ഡിവൈഡറോ ഇല്ല. ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള സംവിധാനമൊരുക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം കടലാസിലൊതുങ്ങി. പയ്യാവൂർ ഭാഗത്തുനിന്ന് അമിതവേഗത്തിലാണ് വാഹനങ്ങൾ കോക്കാട് ജങ്ഷനിലെത്തുന്നത്.
ഇതുകാരണം പലപ്പോഴും തേർമലയിൽനിന്ന് റോഡിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നു.
ഈ ഭാഗത്ത് റോഡരികിൽ വാഹനങ്ങൾ നിർത്തിയിടുന്നതും അപകടത്തിന് വഴിയൊരുക്കുന്നു. രണ്ടുമാസത്തിനിടെ എട്ട് അപകടങ്ങളാണ് കോക്കാട് റോഡിലുണ്ടായത്. സ്കൂട്ടർ അപകടത്തിൽ യുവാവ് മരിക്കുകയും ചെയ്തു.
ഉളിക്കൽ മുതൽ കോക്കാട് വരേയുള്ള ഭാഗത്ത് പോലീസ് നിരീക്ഷണം ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇവിടെ നിരീക്ഷണ ക്യാമറകളുണ്ടെങ്കിലും വാഹനങ്ങളുടെ വേഗതയ്ക്ക് കുറവില്ല. കോക്കാട് ജങ്ഷനിൽ വെളിച്ചക്കുറവ് പരിഹരിക്കാൻ ഉയരവിളക്ക് സ്ഥാപിക്കണം.