ഗർഭസ്ഥ ശിശുവിന്റെ മരണത്തില്‍ ദുരൂഹത ; പൊലീസ് കേസെടുത്തു ... #Obituary

 


തിരുവനന്തപുരം കഴക്കൂട്ടത്ത് ഗര്‍ഭസ്ഥശിശു മരിച്ച സംഭവത്തില് പോലീസ് കേസെടുത്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ അനാസ്ഥയാണ് കുഞ്ഞിൻ്റെ മരണത്തിന് കാരണമെന്ന് വീട്ടുകാരുടെ പരാതിയെ തുടർന്നാണ് നടപടി. തൈക്കാട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗർഭസ്ഥ ശിശു കഴിഞ്ഞ 17ന് മരിച്ചു. തെറ്റായ ചികിത്സയാണ് കുഞ്ഞിൻ്റെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു.

16ന് കുഞ്ഞിന് അനക്കമില്ലെന്ന് പറഞ്ഞ് വീട്ടുകാർ തൈക്കാട് ആശുപത്രിയിലെത്തി. എന്നാൽ മതിയായ ചികിത്സ നൽകാതെ യുവതിയെ തിരിച്ചയച്ചു. എട്ടുമാസം ഗർഭിണിയായ കഴക്കൂട്ടം സ്വദേശിനി പവിത്ര അർദ്ധരാത്രിയിൽ കുഞ്ഞ് അനങ്ങാതെ കിടക്കുമ്പോഴാണ് തൈക്കാട് സർക്കാർ ആശുപത്രിയിലെത്തിയത്. എന്നാൽ ഡ്യൂട്ടി ഡോക്ടർ പരിശോധിക്കാതെ തിരിച്ചയച്ചതായി പവിത്രയുടെ ഭർത്താവ് ലിബു പറഞ്ഞു.


കുഞ്ഞ് ഉറങ്ങുകയാണെന്ന് പറഞ്ഞ് ഡ്യൂട്ടി ഡോക്ടർ യുവതിയെയും കുടുംബത്തെയും തിരിച്ചയച്ചു. അടുത്ത ദിവസം നടത്തിയ സ്‌കാൻ പരിശോധനയിലാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് തിരുവനന്തപുരം എസ്ഐടി ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. ഡ്യൂട്ടി ഡോക്ടറുടെ അനാസ്ഥ ചൂണ്ടിക്കാട്ടി വീട്ടുകാർ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി.

വീട്ടുകാരുടെ പരാതിയിലാണ് പിതാവിൻ്റെ മൊഴിയെടുത്തത്. ഇതിന് പിന്നാലെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ കുഞ്ഞിൻ്റെ മരണകാരണത്തെക്കുറിച്ച് ആശുപത്രി അധികൃതർ കൃത്യമായ വിശദീകരണം നൽകിയിട്ടില്ല. മരണകാരണം നിർണ്ണയിക്കാൻ പാത്തോളജിക്കൽ പോസ്റ്റ്‌മോർട്ടം നടത്തും. ഇതിന് ശേഷമേ മരണകാരണം സ്ഥിരീകരിക്കൂ. ഇതിന് ശേഷമേ തുടർനടപടികൾ ഉണ്ടാകൂവെന്ന് പോലീസ് അറിയിച്ചു.

MALAYORAM NEWS is licensed under CC BY 4.0