യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം ; സർവീസ് വയറിലും കടയിലെ വയറിങ്ങിലും ചോർച്ചയെന്ന് KSEB... #Obituary

 


കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കടയിലെ സർവീസ് വയറിലും വയറിങ്ങിലും ചോർച്ചയുണ്ടെന്ന് കെഎസ്ഇബി കണ്ടെത്തി. കഴിഞ്ഞ ദിവസം  ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ചോർച്ച കണ്ടെത്തിയിട്ടില്ലെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു. ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വിശദമായ റിപ്പോർട്ട് വൈദ്യുതി മന്ത്രിക്ക് കൈമാറും.

കെഎസ്ഇബി ഇലക്ട്രിക്കൽ എൻജിനീയറാണ് അന്വേഷണം നടത്തുന്നത്. പ്രാഥമിക അന്വേഷണത്തിൽ കടയിലെ സർവീസ് വയറിലും വയറിങ്ങിലും ചോർച്ചയുണ്ടായതായി കണ്ടെത്തി. മഴയ്ക്കിടെ സർവീസ് വയർ തകരഷീറ്റിൽ തട്ടി തൂൺ വൈദ്യുതാഘാതമേറ്റതാകാം. കടയുടെ പുറത്ത് ഒരു ബൾബ് ഉണ്ടായിരുന്നു. ഇതിനായി വലിച്ചിട്ട കമ്പിയിലുണ്ടായ ചോർച്ചയിലൂടെ വൈദ്യുതി തൂണിൽ എത്തിയതായി സംശയിക്കുന്നു.

കടയുടമയുടെ പരാതിയിൽ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം പരിശോധന നടത്തിയെങ്കിലും ലീക്ക്  ഉള്ളതായി കണ്ടില്ല. നിലവിൽ ഒരു ഉദ്യോഗസ്ഥൻ്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കോവൂർ കെഎസ്ഇബി വിഭാഗത്തിലെ ബാക്കിയുള്ളവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വിശദമായ റിപ്പോർട്ട് വൈദ്യുതി മന്ത്രിക്ക് കൈമാറും.

MALAYORAM NEWS is licensed under CC BY 4.0