ഡിഗ്രി പഠിക്കാൻ ആഗ്രഹിക്കുന്നവർ ആണോ നിങ്ങൾ ?.നാല് വർഷ ബിരുദ കോഴ്‌സുകളുടെ മേന്മകൾ എന്തെല്ലാം.?...#Degree


• വിദ്യാർഥിയുടെ താൽപര്യത്തിന് അനുസരിച്ചുള്ള ബിരുദ പ്രോഗ്രാം ഡിസൈൻ ചെയ്യാം. കോംബിനേഷനും വിദ്യാർഥിക്കു തിരഞ്ഞെടുക്കാം.
• മേജർ വിഷയത്തോടൊപ്പം പഠിക്കേണ്ട മൈനർ വിഷയങ്ങൾ വിദ്യാർഥിക്കു തന്നെ തിരഞ്ഞെടുക്കാം.
• 3 വർഷം കഴിഞ്ഞാൽ പഠനം പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടാം. അല്ലെങ്കിൽ നാലാം വർഷവും തുടർന്ന് ഓണേഴ്സ് ബിരുദം നേടാം. 
• നിശ്ചയിച്ചിരിക്കുന്നതിലും കുറഞ്ഞ സമയം കൊണ്ടും പഠിച്ചുതീർക്കാം. 6 സെമസ്റ്റർ പ്രോഗ്രാം 5 സെമസ്റ്ററിൽ തീർക്കാനും വേണമെങ്കിൽ ഇടയ്ക്കു ബ്രേക്ക് എടുത്ത് 6 വർഷം വരെ നീട്ടാനും അവസരമുണ്ട്. 
• എൻസിസി, എൻഎസ്എസ്, ആർട്സ്, സ്പോർട്സ്, കോളജ് യൂണിയൻ പ്രവർത്തനം എന്നിവയിലെ പങ്കാളിത്തത്തിനു ക്രെഡിറ്റുകൾ കിട്ടും. ഇവയിലെ മികച്ച അക്കാദമിക പ്രകടനത്തിന് ഗ്രേസ് മാർക്കും.
• തിരഞ്ഞെടുത്ത വിഷയവുമായി മുന്നോട്ടുപോകാൻ കഴിയുന്നില്ലെങ്കിൽ ആദ്യ രണ്ടു സെമസ്റ്ററിനു ശേഷം വിഷയം മാറാം. നിലവിലെ കോളജിൽനിന്നു മറ്റൊരു കോളജിലേക്കോ മറ്റൊരു സർവകലാശാലയിലേക്കോ മാറാം. 
• സയൻസ് വിഷയങ്ങൾക്കൊപ്പം കൊമേഴ്സോ ആർട്സോ ഹ്യുമാനിറ്റീസോ ഒക്കെ പഠിക്കാം.

4 വർഷ ബിരുദ പ്രോഗ്രാം ഏതെല്ലാം വിധത്തിലുണ്ട് ?

മൂന്നു തരത്തിലുണ്ട്.
1) മൂന്നു വർഷ അണ്ടർ ഗ്രാജ്വേഷൻ: ബിഎസ്‌സി, ബിഎ, ബികോം ബിരുദം. 3 വർഷം കഴിഞ്ഞാൽ എക്സിറ്റ് ഓപ്ഷൻ ഉപയോഗിച്ച് പഠനം നിർത്താം. ഇവർക്കു പിന്നീട് പിജി ചെയ്യണമെങ്കിൽ 2 വർഷം തന്നെ വേണം.
2) നാലു വർഷ ബിരുദം (ഓണേഴ്സ്): ഇതു പൂർത്തിയാക്കിയാൽ പിന്നീട് പിജി ഒരു വർഷം മാത്രം. പിജി രണ്ടാം വർഷത്തിലേക്കു നേരിട്ടു ലാറ്ററൽ എൻട്രി ലഭിക്കും. 
3) ഓണേഴ്സ് വിത് റിസർച്: 4 വർഷം. ഇതു കഴിയുന്നവർക്കു പിജി ചെയ്യാതെ തന്നെ ഗവേഷണപഠനം നടത്താം. 

വിഷയങ്ങളെ മേജർ, മൈനർ എന്നിങ്ങനെ തിരിച്ചിരിക്കുന്നതായി കണ്ടു. അതിന്റെ അടിസ്ഥാനത്തിൽ പലതരം ബിരുദ പ്രോഗ്രാമുകളു ണ്ടെന്നും പറയുന്നു. ഇവയെക്കുറിച്ചു വിശദമാക്കാമോ ?
നിലവിലുള്ള ബിരുദത്തിന്റെ ഫോർമാറ്റ് (പാത്ത്‌വേ) ഒരു മെയിൻ, രണ്ടോ മൂന്നോ സബ്സിഡിയറി എന്നതാണ്. എന്നാൽ 4 വർഷ ബിരുദത്തിൽ പലതരം പഠന ഫോർമാറ്റുകൾ ലഭ്യമാണ്. ഫിസിക്സ് ഉദാഹരണമായെടുത്തുപറയാം.

1) സിംഗിൾ മേജർ: ഫിസിക്സ് ആണു മേജർ എങ്കിൽ അതിനൊപ്പം അതേ കോളജിലെ മറ്റ് 6 വകുപ്പുകളിൽനിന്ന് 6 കോഴ്സുകൾ വരെ മൈനറായി പഠിക്കാം. ഇവയിലെല്ലാം ആഴത്തിലല്ലാതെയുള്ള പഠനത്തിന് അവസരമുണ്ട്.

2) മേജർ വിത്ത് മൾട്ടിപ്പിൾ ഡിസിപ്ലിൻസ്: നിലവിലുള്ള ബിരുദപഠനത്തിന്റെ അതേ മാതൃക. ഉദാ: ഫിസിക്സിനൊപ്പം മറ്റു രണ്ടു വിഷയങ്ങളും കൂടി പഠിക്കാം. മാത്‌സും കെമിസ്ട്രിയും മാത്രമല്ല, മാത്‌സ്– കൊമേഴ്സ്, ഹിസ്റ്ററി– പൊളിറ്റിക്സ് തുടങ്ങിയ കോംബിനേഷനുകൾ വരെ സാധ്യമെന്നതാണു വ്യത്യാസം.

3) മേജർ വിത്ത് മൈനർ: ഇത്തരം പ്രോഗ്രാമിൽ പഠിക്കുന്ന മൈനർ വിഷയത്തിൽ പിജി പഠനം സാധ്യമാകും. 

4) മേജർ വിത്ത് വൊക്കേഷനൽ മൈനർ: തൊഴിൽസാധ്യതയുള്ള വിഷയം മൈനറായി തിരഞ്ഞെടുക്കാം. ഉദാഹരണത്തിന് ഫിസിക്സിനൊപ്പം ഡേറ്റാ അനലിറ്റിക്സ്. 

5) ഡബിൾ മേജർ: രണ്ടു പ്രധാന വിഷയങ്ങൾ ആഴത്തിൽ പഠിക്കാം. ഉദാ: ഫിസിക്സും കെമിസ്ട്രിയും.

6) മൾട്ടിഡിസിപ്ലിനറി / ഇന്റർഡിസിപ്ലിനറി: 3 വ്യത്യസ്ത മേജർ വിഷയങ്ങൾ ചേരുന്ന കോംബിനേഷൻ. ഉദാഹരണത്തിന് ലൈഫ് സയൻസ്, മൈക്രോബയോളജി, ബയോടെക്നോളജി; അല്ലെങ്കിൽ മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ് അടങ്ങുന്ന ഡേറ്റാ അനാലിസിസ് കോംബിനേഷൻ. ആദ്യ 3 പാത്ത്‌വേകൾ വ്യാപകമായി എല്ലാ കോളജുകളിലുമുണ്ടാകും. എന്നാൽ അവസാന 3 എണ്ണം കോളജുകളും യൂണിവേഴ്സിറ്റികളും പ്രത്യേകമായി ചെയ്യുന്നതാണ്. അവ വ്യാപകമായി ലഭ്യമാകണമെന്നില്ല. 

മറ്റു കോളജുകളിലും പോയി പ്രോജക്ട് ചെയ്യാം

പുതിയ പഠനരീതിയിൽ പ്രോജക്ട്, ഇന്റേൺഷിപ് തുടങ്ങിയവ എങ്ങനെയാകും ?

പ്രോജക്ട് ചെയ്യാൻ കൂടുതൽ മെച്ചപ്പെട്ട കോളജോ സർവകലാശാലയോ ഒക്കെ തിരഞ്ഞെടുക്കാം. അവസാന സെമസ്റ്ററിലെ കോഴ്സ് തീർക്കാൻ പിന്നീട് കോളജിലേക്കു തിരിച്ചുവരണമെന്നില്ല. ഓൺലൈനായി പഠിച്ചാലും മതി. മേജർ വിഷയത്തിലോ അതോടനുബന്ധിച്ച വിഷയത്തിലോ ആയിരിക്കണം പ്രോജക്ട്. ഓണേഴ്സ് വിത് റിസർച് ബിരുദത്തിൽ കൂടുതൽ ആഴത്തിലുള്ള പ്രോജക്ട് പഠനമാണ്. ആദ്യ 6 സെമസ്റ്ററുകളിൽ ആകെ 75% മാർക്ക് വേണം. അപ്രൂവ്ഡ് റിസർച് സെന്ററിലായിരിക്കണം ഈ പ്രോജക്ട്. മാർഗനിർദേശം നൽകുന്നത് പിഎച്ച്ഡി യോഗ്യതയുള്ളവരായിരിക്കണം. സയൻസ് വിഷയങ്ങളിൽ മാത്രമല്ല, ഹ്യുമാനിറ്റീസ്, കൊമേഴ്സ്, ആർട്സ്, ഭാഷാ വിഷയങ്ങൾക്കെല്ലാം പ്രാക്ടിക്കലുണ്ട്. 

ഓണേഴ്സ് വിത് റിസർച് വിഭാഗത്തിൽ പിജി ചെയ്യുന്നില്ല പലരം നേരിട്ട് ഗവേഷണമാണ് ചെയ്യുന്നത്.
ഗവേഷണത്തിന്റെ കോഴ്സ് വർക്ക് കഴിഞ്ഞാൽ പിജിക്കു തുല്യമായ സർട്ടിഫിക്കറ്റ് ലഭിക്കും. ഡിഫെൻസിംഗ് കഴിഞ്ഞാൽ പിഎച്ച്ഡിയും കിട്ടുന്നു.

പരീക്ഷകളുടെ മൂല്യ നിർണ്ണയത്തിൽ 100 മാർക്കുള്ള പേപ്പറിൽ ഇന്റേണൽ, എക്സ്റ്റേണൽ മാർക്കുകൾ ചേർത്ത് 35 മാർക്ക് നേടിയിരിക്കണം. ഇതിൽ എക്സ്റ്റേണലിനു മാത്രമായി 30% (21 മാർക്ക്) നേടണം. ഇതു നേടാൻ കഴിഞ്ഞില്ലെങ്കിലോ പരീക്ഷ എഴുതാൻ സാധിച്ചില്ലെങ്കിലോ തൊട്ടടുത്ത ബാച്ചിനൊപ്പം പരീക്ഷ എഴുതാനാവും.
MALAYORAM NEWS is licensed under CC BY 4.0