' ഭയം'..? എന്തിനാണ് ഭയക്കുന്നത്...#Phobia


ഭയം പലതിനോടും ഉണ്ടാവാം. സ്വാഭാവികം മാത്രം. എന്നാൽ അൽപ്പം പോലും ഭയമുണ്ടാക്കാൻ സാധ്യത ഇല്ലാത്ത കാര്യങ്ങളോട് അകാരണമായി തോന്നുന്ന ഭയമാണ് പൊതുവെ ഫോബിയ എന്നറിയപ്പെടുന്നത്. ഇത്തരം അകാരണമായ ഭയം എപ്പോൾ വേണമെങ്കിലും എന്തിനോട് പോലും തോന്നാം. ഫോബിയ ലക്ഷണങ്ങൾ കുട്ടിക്കാലം മുതൽ പ്രകടമായേക്കാം.

എന്തുകൊണ്ട് ഫോബിയ?

ഫോബിയകൾക്ക് കാരണമെന്തെന്ന് വ്യക്തമല്ല. എന്നാൽ, ഇതിന് പാരമ്പര്യബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഫോബിയ പലതരം

. സ്പെസിഫിക് ഫോബിയകൾ: ചില വസ്തുക്കളോടോ മൃഗങ്ങളോടോ അല്ലെങ്കിൽ സാഹചര്യങ്ങളോടോ അവ യഥാർത്ഥത്തിൽ സൃഷ്ടിച്ചേക്കാവുന്ന അപകടത്തിലും കൂടുതലായി തോന്നുന്ന അകാരണമായ ഭയമാണ് സ്പെസിഫിക് ഫോബിയ. അടച്ചുകെട്ടിയ സ്ഥലങ്ങൾ, ചിലന്തി, പാറ്റ തുടങ്ങിയ ജീവികൾ എന്നിവയോടുള്ള ഭയം തുടങ്ങിയവ ഉദാഹരണങ്ങളാണ്.

. അക്രോഫോബിയ: ഉയരത്തോടു തോന്നുന്ന ഭയമാണ് അക്രോഫോബിയ. ഇത്തരം മാനസിക പ്രശ്നമുള്ളവർ ഉയരമുള്ള കെട്ടിടങ്ങൾ, പാലം, കുന്നുകൾ മുതലായ ഉയർന്ന സ്ഥലങ്ങളിലേക്ക് പോകുന്നത് കഴിവതും ഒഴിവാക്കും.

. ഗ്ലോസോഫോബിയ: ഒരു സംഘം ആളുകളുടെ മുന്നിൽ സംസാരിക്കുന്നതിനോ എന്തെങ്കിലും അവതരിപ്പിക്കുന്നതിനോ കഴിയാതെ വരിക.

. ക്ളോസ്ട്രോഫോബിയ: അടച്ചിട്ട സ്ഥലങ്ങളോടു തോന്നുന്ന ഭയമാണ് ക്ലോസ്ട്രോഫോബിയ.

. ഹീമോഫോബിയ: പരിക്കിനെയും രക്തത്തെയും ഭയക്കുന്ന അവസ്ഥ.

. സൈനോഫോബിയ: നായകളോടുള്ള അകാരണമായ ഭയമാണിത്.

. എവിയാറ്റോഫോബിയ: വിമാനത്തിൽ സഞ്ചരിക്കാനുള്ള ഭയമാണിത്.

. നെക്റ്റോഫോബിയ: ഇരുട്ടിനെ ഭയക്കുന്ന അവസ്ഥ. ഇത്തരക്കാർക്ക് ഇരുട്ടിനെ പ്രത്യേകിച്ച്രാത്രിയെ ഭയമായിരിക്കും.

. ഒഫിഡിയൊഫോബിയ: പാമ്പുകളോടുള്ള അകാരണമായ ഭയമാണിത്.

. സോഷ്യൽ ഫോബിയ: അമിതമായ ആത്മാഭിമാനവും പൊതുവേദികളെ അഭിമുഖീകരിക്കുമ്പോഴുള്ള സംഭ്രമവും കൂടിച്ചേർന്ന മാനസികാവസ്ഥയാണിത്.

. അഗോറഫോബിയ: പൊതുസ്ഥലത്തോ തുറന്ന സ്ഥലങ്ങളിലോ ഒറ്റപ്പെട്ടുപോകും എന്ന ഭയം ഇതിൽ ഉൾപ്പെടുന്നു.

ഫോബിയ എങ്ങനെ പ്രകടമാവുന്നു?

ഫോബിയ ഉണ്ടാക്കുന്ന കാരണങ്ങളെ കണ്ടുമുട്ടുമ്പോൾ പരിഭ്രമവും, ആശങ്കയും, സ്വാഭാവികമായി പ്രവർത്തിക്കുന്നതിനുള്ള കഴിവും നഷ്ടപ്പെട്ടു പോകുന്ന മാനസികനില ഉണ്ടായേക്കാം. കടുത്ത ഉത്കണ്‌ഠ, വേഗത്തിലുള്ള ശ്വാസഗതി, ശക്തിയേറിയ ഹൃദയമിടിപ്പ് തുടങ്ങിയ ശാരീരികവും മാനസികവുമായ പ്രതികരണങ്ങൾ ഇവയ്ക്കൊപ്പം ഉണ്ടാവും.
എങ്ങനെ ഫോബിയ നിർണയിക്കാം

രോഗിയുമായുള്ള വിശദമായ കൂടിക്കാഴ്ചയിലൂടെയും, വിശദമായ ആശയവിനിമയത്തിലൂടെയും ചില രോഗനിർണയ പരീക്ഷണങ്ങളിലൂടെയുമാണ് ഫോബിയയുടെ തീവ്രത നിർണയിക്കുന്നത്. നിങ്ങളുടെ മെഡിക്കൽ, സാമൂഹിക, മനഃശാസ്ത്ര സാഹചര്യങ്ങൾ ഡോക്ട‌ർ വിശകലനം ചെയ്യും.

ഫോബിയ ചികിത്സിക്കേണ്ടതുണ്ടോ?

സാധാരണ കുട്ടിക്കാലത്ത് ഉണ്ടാവുന്ന ഫോബിയകൾ വളരും തോറും കുറഞ്ഞു വരാറുണ്ട്. എന്നാൽ ചില ഫോബിയകൽ ഇത്തരത്തിൽ കാലക്രമേണെ പരിഹരിക്കപ്പെടണമെന്നില്ല. ഫോബിയ മാറിയില്ലെങ്കിലും ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കാത്തിടത്തോളം ഇത്തരം ഭയങ്ങൾക്ക് ചികിത്സ തേടേണ്ടതുമില്ല. ആവശ്യമെങ്കിൽ അത് നിങ്ങളുടെ സാമൂഹിക- മനഃശാസ്ത്ര സാഹചര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാവും ചികിത്സാരീതികൾ ചിട്ടപ്പെടുത്തുന്നത്.

ഒരാളുടെ ഭയവും ഉത്കണ്ഠയും കുറയ്ക്കുന്നതിനും അകാരണമായ ഭയം തോന്നുന്ന സാഹചര്യത്തോടും വസ്തുക്കളോടുമുള്ള പ്രതികരണം നിയന്ത്രിക്കാനും ലക്ഷ്യമിട്ടുള്ളതാണ് 

     ചികിത്സ 

മനോരോഗ ചികിത്സ: കൊഗിനിറ്റീവ് ബിഹേവിയറൽ തെറാപ്പി അല്ലെങ്കിൽ എക്സ്പോഷർ തെറാപ്പി തുടങ്ങിയ മനോരോഗ ചികിത്സകളും ഫോബിയ ചികിത്സയിൽ ഉൾപ്പെടുത്തിയേക്കാം.

ഫോബിയകൾ പ്രതിരോധിക്കാനാവുമോ?

അകാരണമായ ഭയങ്ങൾ മൂലം നിങ്ങൾ വല്ലാതെ ബുദ്ധിമുട്ടുന്നുവെങ്കിൽ മനശാസ്ത്രജ്ഞന്റെ സഹായം തേടണം. ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കുന്നത് അവ നിങ്ങളുടെ കുട്ടികളിലേക്ക് കൈമാറ്റം ചെയ്യപ്പെടാതിരിക്കാൻ സഹായിക്കും. ഫോബിയകളുമായി നിരന്തരം സമ്പർക്കമുണ്ടാവുന്നതും ജനിതക കാരണങ്ങളും ഇതിനു കാരണങ്ങളാവുമെന്നാണ് കരുതുന്നത്
MALAYORAM NEWS is licensed under CC BY 4.0