ദാരുണം ; കണ്ണൂരില്‍ വയോധികനെ അയൽവാസിയും സംഘവും ചേർന്ന് മർദിച്ച് കൊലപ്പെടുത്തി.... #Crime_News
By
News Desk
on
മേയ് 27, 2024
കണ്ണൂർ : കക്കാട് വയോധികനെ അയൽവാസിയും സംഘവും ചേർന്ന് മർദിച്ച് കൊലപ്പെടുത്തി. കക്കാട് നമ്പ്യാർമൊട്ടയിലെ അജയകുമാറാണ് കൊല്ലപ്പെട്ടത്. അയൽവാസിയും മകനും ഉൾപ്പെടെ 4 പേരെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനം കഴുകുന്ന വെള്ളം വഴിയിലേക്ക് ഒഴുക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. ദേവദാസിന്റെ വീട്ടിൽ വാഹനം കഴുകുന്ന വെള്ളം റോഡിലേക്ക് ഒഴുകുന്നത് അയൽവാസിയായ അജയകുമാർ ചോദ്യം ചെയ്തതാണ് പ്രകോപനം. ഇതേചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. നാട്ടുകാർ ഇടപെട്ട് പ്രശ്നം പറഞ്ഞു തീർത്തിരുന്നു. പിന്നാലെ ദേവദാസും മകൻ സഞ്ജയ് ദാസും സുഹൃത്തുക്കളും ചേർന്ന് അജയകുമാറിനെ വീണ്ടും ചോദ്യം ചെയ്യുകയും ആക്രമിക്കുകയുമായിരുന്നു. ഹെൽമെറ്റും കല്ലും ഉപയോഗിച്ചായിരുന്നു മർദ്ദനം. അക്രമം തടയാൻ ശ്രമിച്ച പ്രദേശവാസിയായ പ്രവീൺ കുമാറിനും പരിക്കേറ്റു.
രക്തം വാർന്ന് അബോധാവസ്ഥയിലായ അജയകുമാറിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കൊല്ലപ്പെട്ട അജയകുമാറിന്റെ അയൽവാസി ദേവദാസ്, മകൻ സഞ്ജയ് ദാസ് എന്നിവർ ഉൾപ്പെടെ 4 പേരെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു.