രക്ഷകര്‍ത്താക്കളുടെ അശ്രദ്ധ ; ടൂത്ത്പേസ്റ്റ് ആണെന്ന് കരുതി എലിവിഷം കൊണ്ട് പല്ല് തേച്ച കുട്ടികള്‍ ഗുരുതരാവസ്ഥയില്‍..... #Flash_News


ടൂത്ത്‌പേസ്റ്റ് ആണെന്നു തെറ്റിദ്ധരിച്ച് പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ഉപയോഗിച്ച് പല്ലുതേച്ച നാല് കുട്ടികള്‍ ആശുപത്രിയില്‍. തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലെ വിരുധാചലത്താണ് സംഭവം. കൊട്ടാരക്കുപ്പം സ്വദേശി മണികണ്ഠന്റെ മക്കളായ അനുഷ്‌ക (മൂന്ന്), ബാലമിത്രന്‍ (രണ്ട്), മണികണ്ഠന്റെ സഹോദരിയുടെ മക്കളായ ലാവണ്യ (അഞ്ച്), രശ്മിത (രണ്ട്) എന്നിവരെയാണ് കടലൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

ഞായറാഴ്ച രാവിലെയാണ് കുട്ടികള്‍ എലിവിഷം ഉപയോഗിച്ച് പല്ലുതേച്ചത്. വീട്ടില്‍ എലിയെ കൊല്ലാനായി വാങ്ങിവെച്ചിരുന്ന പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ടൂത്ത്‌പേസ്റ്റാണെന്ന് തെറ്റിദ്ധരിച്ച് കുട്ടികള്‍ എടുത്ത് പല്ലുതേക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ട ഉടന്‍ വീട്ടുകാര്‍ കുട്ടികളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് ആരോഗ്യാവസ്ഥ പരിഗണിച്ച് കുട്ടികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടികളുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നും കുട്ടികളെ നിരീക്ഷിച്ചുവരികയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. 
MALAYORAM NEWS is licensed under CC BY 4.0