ഐതിഹാസിക കമ്പനികൾ ചേർന്നപ്പോൾ പിറന്ന വാഹനം; ഒരുമണിക്കൂറിൽ വിറ്റുത്തീർന്ന് മിഡ്‌സമ്മർ..... #Auto




പതിറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളാണ് മോര്‍ഗന്‍ മോട്ടോഴ്‌സ്. 1910-ല്‍ ആരംഭിച്ച ഈ കമ്പനിയുടെ സവിശേഷത തന്നെ വര്‍ഷത്തില്‍ വളരെ കുറച്ച് മാത്രം വാഹനങ്ങള്‍ നിര്‍മിക്കുകയെന്നതാണ്. റിപ്പോര്‍ട്ട് അനുസരിച്ച് പ്രതിവര്‍ഷം 850 വാഹനങ്ങള്‍ മാത്രമാണ് മോര്‍ഗന്‍ മോട്ടോഴ്‌സില്‍ നിന്ന് പുറത്തിറങ്ങുന്നത്. ഈ വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ആറ് മാസം മുതല്‍ 10 വര്‍ഷം വരെ കാത്തിരിക്കേണ്ടി വരാറുണ്ടെന്നാണ് വിവരം.

മോര്‍ഗന്‍ മോട്ടോഴ്‌സ് പോലെ തന്നെ പാരമ്പര്യത്താല്‍ സമ്പന്നമായ വാഹന ഡിസൈന്‍ സ്റ്റുഡിയോയാണ് ഇറ്റലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പിനിന്‍ഫരീന. ഇന്ത്യയുടെ സ്വന്തം വാഹന നിര്‍മാതാക്കളായ മഹീന്ദ്രയുടെ ഉടമസ്ഥതയിലാണ് ഇപ്പോൾ പിനിന്‍ഫരീന. പതിറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന ഈ രണ്ട് വാഹന നിര്‍മാതാക്കളും ചേര്‍ന്ന് നിര്‍മിച്ച ഒരു വാഹനത്തിന്റെ വിശേഷം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുകയാണ് മഹീന്ദ്രയുടെ ചെയര്‍മാനായ ആനന്ദ് മഹീന്ദ്ര.

മോര്‍ഗന്‍ മോട്ടോഴ്‌സ് മിഡ്‌സമ്മര്‍ എന്ന പേരില്‍ ലിമിറ്റഡ് എഡിഷന്‍ വാഹനമാണ് പിനിന്‍ഫരീനയുടെ ഡിസൈനില്‍ ഒരുക്കിയിരിക്കുന്നത്. ഐതിഹാസിക ബാര്‍ജെറ്റ ഡിസൈനിന്റെ പാരമ്പര്യം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഈ വമ്പന്‍ കമ്പനികള്‍ ചേര്‍ന്ന് മിഡ്‌സമ്മര്‍ നിര്‍മിച്ചിരിക്കുന്നത്. മിഡ്‌സമ്മറിന്റെ 50 യൂണിറ്റുകള്‍ മാത്രമാണ് നിര്‍മിച്ചത്. ഏകദേശം 2.25 കോടി രൂപ (2.50 ലക്ഷം യൂറോ) വില വരുന്ന ഈ വാഹനത്തിന്റെ 50 യൂണിറ്റും ഒരു മണിക്കൂറിനുള്ളിലാണ് വിറ്റുത്തീര്‍ന്നത്.



മോര്‍ഗന്റെ ഏറ്റവും പുതിയ സി.എക്‌സ്. ജനറേഷന്‍ ബോണ്ടഡ് അലുമിനിയം പ്ലാറ്റ്‌ഫോമിലാണ് മിഡ്‌സമ്മര്‍ നിര്‍മിച്ചിരിക്കുന്നത്. ആദ്യകാല യൂറോപ്യന്‍ ബാര്‍ജെറ്റ ഡിസൈനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ കാര്‍ ഒരുങ്ങിയിട്ടുള്ളത്. വീലുകളുടെ ഡിസൈനില്‍ പോലും ബാര്‍ജെറ്റ സ്വാധീനം കാണാം. സില്‍വര്‍ ഇന്‍സേര്‍ട്ടുകള്‍ നല്‍കിയിട്ടുള്ള സിഗ്നേച്ചര്‍ ഹെഡ്‌ലാമ്പ് യൂണിറ്റ്, ഹാഫ് മൂല്‍ ഷേപ്പ്ഡ് ഗ്രില്ല്, പിനിന്‍ഫരീനയുടെ സിഗ്നേച്ചര്‍ ശൈലിയുള്ള റിയര്‍ ഡിസൈന്‍ എന്നിവയാണ് ഈ വാഹനത്തെ ആകര്‍ഷകമാക്കുന്നത്.

പ്രീമിയം ഭാവങ്ങള്‍ ഒത്തിണങ്ങിയ അകത്തളമാണ് ഈ വാഹനത്തിന്റെ ആകര്‍ഷണം. കൈകൊണ്ട് തീര്‍ത്ത അകത്തളമെന്നാണ് നിര്‍മാതാക്കള്‍ വിശേഷിപ്പിക്കുന്നത്. വുഡന്‍ പാനലുകളാണ് ഇന്റീരിയറിന് ആഡംബരമേകുന്നത്. അനലോഗ് ഡയലുകളിലാണ് ഗേജുകള്‍ ഒരുക്കിയിരിക്കുന്നത്. സീറ്റുകളും മറ്റും പ്രീമിയം ലെതറിലാണ് തീര്‍ത്തിരിക്കുന്നത്. തേക്കിന്റെ തടിയിലാണ് വാഹനത്തിന്റെ വുഡന്‍ പാനലിങ്ങ് തീര്‍ത്തിരിക്കുന്നതെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ടൂ സീറ്റര്‍ വാഹനമാണ് മിഡ്‌സമ്മര്‍.

ബി.എം.ഡബ്ല്യുവില്‍ നിന്ന് കടംകൊണ്ട് ആറ് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 330 ബി.എച്ച്.പി. പവറാണ് ഉത്പാദിപ്പിക്കുന്നത്. കേവലം 4.2 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 267 കിലോമീറ്ററാണ്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

MALAYORAM NEWS is licensed under CC BY 4.0