ചക്രവാതചുഴി ! കേരളത്തില്‍ അടുത്ത 5 ദിവസം മഴക്ക് സാധ്യത; ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്.... #Rain_Alert

 തെക്കൻ കേരളത്തിന് മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ശക്തമായ കാറ്റോടെ ഇടത്തരം മഴക്കുള്ള സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ഇടി മിന്നല്‍ സാധ്യതയുമുണ്ട്. ഒറ്റപ്പെട്ടസ്ഥലങ്ങളിൽ മെയ്‌ 25 മുതൽ 27 വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് 

മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂന മർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 12 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർന്ന് മെയ് 26 രാവിലെയോടെ വീണ്ടും ശക്തി പ്രാപിച്ചു തീവ്രചുഴലിക്കാറ്റായി (severe cyclonic storm) മാറി അർധരാത്രിയോടെ ബംഗ്ലാദേശ്-സമീപ പശ്ചിമ ബംഗാൾ-തീരത്ത് സാഗർ ദ്വീപിനും ഖെപ്പുപാറക്കും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പുള്ളത്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ, മധ്യ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.


MALAYORAM NEWS is licensed under CC BY 4.0