വേനല്‍ മഴ തുടങ്ങി, റോഡിലെ കുഴികളും അറ്റകുറ്റപണികള്‍ ചെയ്യുമ്പോള്‍ മാറ്റുന്ന മണ്ണും ഉള്‍പ്പടെ അപകട സാധ്യത.. അധികാരികളും പൊതുജനങ്ങളും ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക..


 

രാവിലെ തെളിഞ്ഞ കാലാവസ്ഥ കണ്ട് ഓഫീസിലേക്കോ ജോലിസ്ഥലത്തെക്കോ ഉള്ള യാത്ര ഇരുചക്ര വാഹനത്തില്‍ ആക്കിയവരായിരിക്കും നമ്മളില്‍ ഭൂരിഭാഗവും.എന്നാല്‍ അപ്രതീക്ഷിത മഴ നമ്മെ ചിലപ്പോഴൊക്കെയും ദുരിതത്തിലാക്കാറുണ്ട്. ചൂടിനും പൊടിക്കും ശമനം ഉണ്ടാകുന്നു എന്നതിനാല്‍ ബുദ്ധിമുട്ടുകളെ അവഗണിക്കുമെങ്കിലും മഴയ്ക്ക് ശേഷമുള്ള റോഡിന്‍റെ അവസ്ഥ നമ്മുടെ യാത്രയുടെ സുരക്ഷിതത്വത്തെ തന്നെ ബാധിക്കുന്നതാണ്.

നമ്മുടെ സംസ്ഥാനം റോഡുകളുടെ വികസനത്തില്‍ വളരെയധികം കുതിച്ചു ചാട്ടം നടത്തിയിട്ടുണ്ടെങ്കിലും റോഡുകളിലെ അറ്റകുറ്റ പണികളും വാട്ടര്‍ അതോറട്ടറിയുടെ പൈപ്പിംഗ് ജോലികളും, സ്വകാര്യ കമ്പനികളുടെ ഒപ്റ്റിക്കല്‍ ഫൈബര്‍ ജോലികളും തുടങ്ങി പല ജോലികളും തുടരുന്നതിനിടയില്‍ മഴ പെയ്യുന്നത് ജോലിയും അതോടൊപ്പം യാത്രക്കാരെയും സാരമായി ബാധിക്കുന്നു.

ഒരു ചാറ്റൽ മഴ പെയ്താൽ തന്നെ റോഡിൽ വെള്ളവും ചളിയും നിറഞ്ഞ് കവിയും. ഇനി ഇത് വഴി സഞ്ചരിച്ചാലോ, അപകടം സുനിശ്ചിതം. ഒരു മഴ കൊണ്ട് തന്നെ റോഡും കുഴിയും ചെളിയും വെള്ള കെട്ടും തിരിച്ചറിയാന്‍ പറ്റാത്ത രീതിയില്‍ ആയി മാറുന്നതിനാല്‍ റോഡിലെ 'ചതിക്കുഴി'കളിൽ വീണ് വലിയ അപകടം സംഭാവിക്കുന്നവരുടെയും  ജീവൻ നഷ്ട്ടപെട്ടവരുടെ എണ്ണം നമുക്ക് ഊഹിക്കാൻ പറ്റുന്നതിലും അധികമാണ്. ജീവൻ നഷ്ടപ്പെടാതിരിക്കാൻ യാത്രക്കാരുടെ കരുതൽ മാത്രം പോര. അധികാരികൾ കണ്ണ് തുറക്കുക കൂടി വേണം എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ അധികാരികൾ ഇത് ഒരു പ്രശ്നമായി എടുക്കുന്നില്ല എന്നതാണ് മറ്റൊരു വസ്തുത. അപകടങ്ങള്‍ സംഭവിച്ചു കഴിഞ്ഞതിനു ശേഷം നടപടികള്‍ കൈക്കൊള്ളുന്ന രീതി മാറ്റി മുന്‍കരുതല്‍ നടപടികള്‍ എടുത്തെങ്കില്‍ മാത്രമേ അപകടങ്ങള്‍ ഒഴിവാകുകയുള്ളൂ. മഴക്കാലത്ത്‌ യാത്ര ചെയ്യുന്ന യാത്രക്കാർ പ്രതേകിച്ചു ഇരുചക്ര വാഹനത്തിൽ ഉള്ളവർ വേഗത പരമാവധി കുറച്ചും ശ്രദ്ധയോടെയും മുന്‍കരുതലോടെയും യാത്ര ചെയ്യുക എന്നതാണ് അപകട സാധ്യത കുറയ്ക്കുവാനുള്ള വഴികളില്‍ പ്രധാനം.

ജലസേചന പദ്ധതിയുടെ ഭാഗമായും, മറ്റ് ആവശ്യങ്ങൾക്കായും റോഡിലും റോഡിന്‍റെ ഇരു ഭാഗങ്ങളിലും ഉണ്ടാക്കിയിരിക്കുന്ന കുഴികളും, മറ്റേതെങ്കിലും തരത്തിൽ ഉണ്ടാവുന്ന കുഴികളും എത്രയും പെട്ടന്ന് തന്നെ അടക്കേണ്ടിയിരിക്കുന്നു.വര്‍ഷങ്ങള്‍ക്ക് മുന്‍പേ അശാസ്ത്രീയമായി നിര്‍മ്മിച്ച പല റോഡുകളും, കാനകളും ഇപ്പോള്‍ അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നവയാണ്.
 
ഇത് മാത്രമല്ല കാനകള്‍ കൃത്യമായി നിര്‍മ്മിക്കാത്തത് കാരണവും മറ്റും മറ്റ് ഭാഗങ്ങളില്‍ നിന്നും മണ്ണും ചരല്‍ കല്ലുകളും  റോഡിലേക്ക് വീഴുന്നതും സാധാരണ കാഴ്ചയാണ്. ഇരു ചക്ര വാഹന യാത്രക്കാര്‍ ഈ ചരല്‍ കല്ലുകളിലൂടെ സഞ്ചരിക്കുമ്പോഴും ബ്രേക്ക് ചെയ്യുന്ന സമയത്തും തേനി വീഴാനും അപകടം സംഭാവിക്കുവാനും സാധ്യതയുണ്ട്.
 
ഇത്രയും ദുരിതപൂര്‍ണമായ അവസ്ഥയില്‍ ആയിട്ടും ഇനിയും കണ്ണ് തുറക്കാത്ത അധികൃതര്‍ മനുഷ്യ ജീവനുകൾ പൊലിഞ്ഞതിന് ശേഷം മാത്രമേ നടപടികള്‍ സ്വീകരിക്കൂ എന്നതാണ് പൊതുജനങ്ങളുടെ ചോദ്യം. അതിനാല്‍ വാഹന യാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും സുരക്ഷിതമായ യാത്ര ഉറപ്പാക്കുവാന്‍ മഴക്കാലത്തിന് മുന്‍പായി റോഡുകളും കാനകളും വൃത്തിയാക്കുകയും കാര്യക്ഷമമായി റിപ്പയര്‍ ചെയ്യുകയും ആവശ്യമായ നിര്‍ദ്ദേശ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
ദുരന്തങ്ങള്‍ സംഭവിച്ചു കഴിഞ്ഞു വിലപിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും  നല്ലത്  മുന്‍കരുതല്‍ തന്നെയാണ്.
MALAYORAM NEWS is licensed under CC BY 4.0