ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 17 മെയ് 2024 #NewsHeadlines

● സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ മുതല്‍ ഈ മാസം 20 വരെയാണ് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

● കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നാല് വയസുകാരിയ്ക്ക് ശസ്ത്രക്രിയാ പിഴവ് സംഭവിച്ചതിൽ ഡോക്ടർക്കെതിരെ പൊലീസ് കേസ് എടുത്തു.

● കൊവീഷീല്‍ഡിന് പുറമെ ഇന്ത്യന്‍ കമ്പനിയായ ഭാരത് ബയോടെക് നിര്‍മ്മിച്ച കൊവിഡ് വാക്‌സിനായ കൊവാക്‌സിന്‍ സ്വീകരിച്ചവരിലും പാര്‍ശ്വഫലങ്ങളുണ്ടെന്ന റിപ്പോര്‍ട്ട് പുറത്ത്.

● ഗുണ്ടകൾക്കെതിരെയുള്ള പൊലീസിന്റെ ‘ഓപ്പറേഷൻ ആഗി’ൽ അറസ്റ്റിലായത് 243 ക്രിമിനൽ കേസ് പ്രതികൾ. ഇതിൽ 5 പേർക്കെതിരെ പൊലീസ് കാപ്പ ചുമത്തിയിട്ടുണ്ട്. ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 53 പേരെ കരുതൽ തടങ്കലിലാക്കി.

● അമീബിക് മസ്തിഷ്ക ജ്വരത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന 4 കുട്ടികളുടെയും പരിശോധനാ ഫലം നെഗറ്റീവ്. മൂന്നിയൂർ സ്വദേശികളായ നാല് കുട്ടികളുടെ പരിശോധന ഫലമാണ് പുറത്ത് വന്നത്.

● ഭൂമിയുടെ കാന്തിക മണ്ഡലത്തിലേക്ക് എത്തിയ തീവ്ര സൗരകൊടുങ്കാറ്റ്‌ ഇന്ത്യയുടെ ഒമ്പത്‌ ഉപഗ്രഹങ്ങളുടെ ഭ്രമണപഥത്തിൽ വ്യതിയാനം വരുത്തിയതായി റിപ്പോർട്ട്.

● ലോകമെമ്പാടും ഉഷ്ണതരംഗങ്ങളിൽ വർഷത്തിൽ 1.53 ലക്ഷം മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തതായി പഠനം. ഇതിൽ അഞ്ചിൽ ഒന്നും ഇന്ത്യയിലാണ്‌. ചൈനയും റഷ്യയുമാണ്‌ തൊട്ടു പിന്നിൽ. ഓസ്ട്രേലിയയിലെ മൊണാഷ്‌  സർവകലാശാലയുടേതാണ്‌ പഠനം.

● ജോലിയിൽനിന്ന് പിരിച്ചുവിട്ട എച്ച്‌1 ബി തൊഴിൽ വിസ ഉടമകൾക്ക്‌ പുതിയ മാർഗനിർദേശവുമായി അമേരിക്കൻ സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസ്. ഒരു വർഷത്തെ തൊഴിൽ അംഗീകാരരേഖയ്ക്ക്‌ അപേക്ഷിക്കാമെന്ന നിർദേശമാണ്‌ പുറത്തിറക്കിയത്‌.

● കേരളത്തിൽ നെൽക്കൃഷി രണ്ടാംവിള കൊയ്ത്ത് ഏകദേശം പൂർത്തിയായപ്പോൾ കനത്ത ചൂടിൽ ഉല്പാദനം ഗണ്യമായി കുറഞ്ഞതായി കണക്കുകൾ. 2022–23 ൽ 7,31,182 മെട്രിക് ടൺ നെല്ലാണ് സംഭരിച്ചതെങ്കിൽ ഇപ്പോൾ അത് 4,99,768 മെട്രിക് ടണ്ണായി കുറഞ്ഞു. 30 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
MALAYORAM NEWS is licensed under CC BY 4.0