കൊട്ടികലാശം ! ഇലക്ഷന്‍ ശബ്ദ പ്രചാരണം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം, മുന്നണികളുടെ പ്രചാരണാവലോകനം ഒറ്റനോട്ടത്തില്‍.. #LoksabhaElection

 


സംസ്ഥാനത്ത് ഇലക്ഷന്‍ പ്രചരണം കൊട്ടികലാശത്തിലേക്ക്, ഒരു മാസത്തോളം നീണ്ട പ്രചാരണ പരിപാടികള്‍ക്കാണ് ഇന്ന് വൈകുന്നേരം ആറുമണിയോടെ സമാപനമാകുന്നത്. ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണത്തിന്‍റെതാണ്.

മുന്നണികള്‍ പ്രധാന കേന്ദ്രങ്ങളില്‍ അവരുടെ പരമാവധി ശക്തി കാണിക്കുവാനായി കൊട്ടികലാശം വിനിയോഗിക്കും. പൊതുജനങ്ങള്‍ക്കു മുന്‍പില്‍ ശബ്ദ പ്രചാരണം ഇന്ന് കൊടിയിറങ്ങുമ്പോള്‍ വേനല്‍ ചൂടിനൊപ്പം ആവേശ ചൂടിനും ശമാനമുണ്ടായില്ല.

കഴിഞ്ഞ പത്തു വര്‍ഷത്തെ ഭരണ പോരായ്മകളും ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയുമാണ് ഇടതുപക്ഷം പ്രചാരണായുധമാക്കി മാറ്റുന്നത്. രണ്ടു കോടി തൊഴില്‍ എന്നത് വാഗ്ദാനം മാത്രമായത്, പെട്രോള്‍ ഡീസല്‍ പാചക വാതക വില വര്‍ധന, മത മൈത്രിയുടെ തകര്‍ച്ച, കേരളത്തോടുള്ള നിഷേധ മനോഭാവം, പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലച്ചത്, പ്രളയ സമയത്ത് കേരളത്തിന്‌ നല്‍കിയ അരിക്കും സൈനികര്‍ക്കും ഉള്ള ചെലവ് തിരിച്ചു വാങ്ങിയത്, സൈനിക ജോലി യുവാക്കള്‍ക്ക് ഇല്ലാതാക്കിയത്, കൊവിഡ് വാക്സിന്‍ കമ്പനിയില്‍ നിന്നും വരെ വാങ്ങിയ ഇലക്ട്രല്‍ ബോണ്ട്‌ അഴിമതി, ഇഡി അന്വേഷണം, അരവിന്ദ് കേജരിവാളിന്‍റെത് ഉള്‍പ്പടെയുള്ള അറസ്റ്റ്, ഗൌരി ലങ്കേഷ് ഉള്‍പ്പടെയുള്ളവരുടെ കൊലപാതകം തുടങ്ങിയ കാര്യങ്ങളാണ് നരേന്ദ്ര മോഡിയുടെ ബിജെപി സര്‍ക്കാരിനെതിരെയുള്ള പ്രചാരണ ആയുധങ്ങള്‍.

കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനവും ഇത്രയും പ്രശ്നങ്ങള്‍ രാജ്യത്ത് നിലനില്‍ക്കുമ്പോഴും  എല്‍ഡിഎഫ് ഗവണ്മെന്റിനെതിരെ മാത്രം പ്രതിഷേധിക്കുന്ന രീതിയും വികസനങ്ങള്‍ക്ക് തുരംഗം വെക്കുന്ന നിലപാടുകളും കോണ്‍ഗ്രസിനെതിരെയുള്ള വിമര്‍ശനങ്ങളാണ്. കോണ്‍ഗ്രസ് എംപി മാരുടെ കഴിഞ്ഞ കാലയളവിലെ പ്രവര്‍ത്തനമാണ് മറ്റൊരു പ്രചാരണായുധം. കെപിസിസി അധ്യക്ഷനും കണ്ണൂര്‍ എംപിയുമായ കെ സുധാകരന്‍റെ നിലപാടുകളും പ്രതിപക്ഷ നേതാവായ വിഡി സതീശനെ പരസ്യമായി തെറി വിളിച്ചതും ഉള്‍പടെയുള്ള കാര്യങ്ങള്‍ യുഡിഎഫ് ക്യാമ്പുകളില്‍ തന്നെ ചര്‍ച്ചയായിട്ടുണ്ട്.

നരേന്ദ്ര മോഡിയെ മാത്രം മുന്നോട്ടു വച്ചുള്ള പ്രചാരണമാണ് എന്‍ഡിഎ നടത്തുന്നത്. സോഷ്യല്‍ മീഡിയകളിലും വെബ് സൈറ്റുകളിലും പണംനല്കിയുള്ള പ്രചാരണവും പരസ്യവുമാണ് പ്രധാന രീതി. ഇന്ത്യയെ ഒന്നാമത്തെ സാമ്പത്തിക ശക്തി ആക്കും എന്നുള്ള മുന്‍  തിരഞ്ഞെടുപ്പിലെ പ്രചരണം മാറ്റി ഇത്തവണ മൂന്നാമാത്തെ സാമ്പത്തിക ശക്തി ആക്കും എന്നുള്ള പ്രചാരണമാണ് നടത്തുന്നത്. ഇന്ധന വില കുറയ്ക്കും എന്നുള്ള പ്രചരണം ഇതിനിടെ തന്നെ ട്രോളുകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

എല്ലാവര്‍ക്കും 15 ലക്ഷം നല്‍കും എന്നുള്ള ബിജെപിയുടെ മുന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തെ എതിര്‍ത്ത കോണ്‍ഗ്രസ് ഇപ്പോള്‍ ഒരു ലക്ഷം രൂപ നല്‍കും എന്നാ തരത്തിലുള്ള പ്രചാരണമാണ് നടത്തുന്നത്. അതുകൂടാതെ എല്ലാവര്ക്കും ജോലി നല്‍കുമെന്നും വാഗ്ദാനത്തില്‍ പറയുന്നു. അഴിമതി കാരണം ഭരണം നഷ്ടപ്പെട്ട കോണ്ഗ്രസ് അതിനു ശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ ഒന്നും തിരിച്ചു കയറിയിട്ടില്ല എന്നതിനാല്‍ ഇത്തവണ ശക്തി കാണിക്കേണ്ട അത്യാവശ്യ ഘട്ടമായി മാറിയിരിക്കുകയാണ്.


MALAYORAM NEWS is licensed under CC BY 4.0