Election 2024 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Election 2024 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

നെഞ്ചിടിപ്പോടെ മുന്നണികള്‍,വോട്ടെണ്ണല്‍ ആരംഭിച്ചു ആദ്യ ഫലം പുറത്ത്... #Election

 

 പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ ആരംഭിച്ചു. രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക. അരമണിക്കൂറിനുള്ളിൽ ആദ്യ ഫലം പുറത്തുവരും.

പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങൾക്ക് പുറമെ മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ പൊതുതെരഞ്ഞെടുപ്പുകളുടെയും മഹാരാഷ്ട്രയിലെ നന്ദേഡ് ലോക്‌സഭാ മണ്ഡലത്തിൻ്റെയും വിവിധ സംസ്ഥാനങ്ങളിലെ 48 നിയമസഭാ ഉപതെരഞ്ഞെടുപ്പുകളുടെയും വോട്ടെണ്ണലും ഒരേസമയം നടക്കും.


ആദ്യ ഫലങ്ങൾ പുറത്ത് : 

> എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ പ്രദീപ് 8567 വോട്ടിന് ലീഡ് ചെയ്യുന്നു.

> പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ആദ്യ റൗണ്ടുകൾ പൂർത്തിയാകുമ്പോൾ ലീഡ് നില തുടർന്ന് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ.

> ചേലക്കരയിൽ വോട്ടെണ്ണലിന്റെ ഒന്നാം റൗണ്ട് പൂർത്തിയായി

പാലക്കാട് തെരഞ്ഞെടുപ്പ് ആവേശചൂടിന് ഇന്ന് കൊട്ടിക്കലാശം... #Election2024

 

 ഒരു മാസത്തോളം നീണ്ടുനിന്ന പാലക്കാട്‌ നിയമസഭാമണ്ഡലം ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന്‌ ഇന്ന് കൊട്ടിക്കലാശം. എൽഡിഎഫ്‌ സ്വതന്ത്രസ്ഥാനാർഥി ഡോ. പി സരിൻ രാവിലെ കണ്ണാടി, പകൽ 11ന്‌ മാത്തൂർ, രണ്ടിന്‌ പിരായിരി എന്നീ പഞ്ചായത്തുകളിൽ മെഗാ റോഡ്‌ഷോ നടത്തും. നൂറുകണക്കിന്‌ ഇരുചക്രവാഹനങ്ങൾ അകമ്പടിയേകും. വൈകിട്ട്‌ നാലിന്‌ ഇൻഡോർ സ്‌റ്റേഡിയം പരിസരത്തുനിന്ന്‌ വാദ്യമേള അകമ്പടിയോടെ കൊട്ടിക്കലാശത്തിന്‌ തുടക്കംകുറിച്ച്‌ തുറന്ന ജീപ്പിൽ സ്ഥാനാർഥിയെ ആനയിക്കും. പ്രകടനം സുൽത്താൻപേട്ട വഴി സ്‌റ്റേഡിയം സ്‌റ്റാൻഡിൽ സമാപിക്കും.

യുഡിഎഫ്‌ സ്ഥാനാർഥിയുടെ കൊട്ടിക്കലാശം പകൽ രണ്ടിന്‌ ഒലവക്കോട്ടുനിന്ന്‌ ആരംഭിച്ച്‌ പേഴുങ്കര, മേഴ്‌സി കോളേജ്‌, തിരുനെല്ലായി, കെഎസ്‌ആർടിസി, ഐഎംഎ, നിരഞ്ജൻ റോഡ്‌ വഴി സ്‌റ്റേഡിയം സ്‌റ്റാൻഡിൽ സമാപിക്കും. എൻഡിഎ സ്ഥാനാർഥിയുടെ പര്യടനം പകൽ രണ്ടിന്‌ മേലാമുറിയിൽനിന്ന്‌ ആരംഭിച്ച്‌ സ്റ്റേഡിയം സ്‌റ്റാൻഡിൽ സമാപിക്കും.

ജനവിധി ഇന്ന്; വയനാടും ചേലക്കരയും പോളിം​ഗ് ബൂത്തിൽ... #Election

 


 വയനാടും ചേലക്കരയും ആവേശകരമായ പ്രചാരണത്തിന് ശേഷം തീരുമാനിക്കും. നിശബ്ദ പ്രചാരണത്തിന് ശേഷം വോട്ടർമാർ പോളിങ് ബൂത്തിലേക്ക് പോയി. രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. ഒരു മാസം നീണ്ടുനിന്ന പ്രചാരണത്തിനൊടുവിലാണ് ജനവിധി എത്തിയത്. വയനാട് നിയോജക മണ്ഡലത്തിൽ 1354 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ജില്ലയിലെ രണ്ട് ബൂത്തുകളാണ് അതീവ സുരക്ഷാ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

11 പോളിങ് ബൂത്തുകൾ പ്രത്യേക സുരക്ഷാ പട്ടികയിലാണ്. 11 പോളിങ് ബൂത്തുകൾ പ്രത്യേക സുരക്ഷാ പട്ടികയിലാണ്. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് വോട്ട് ചെയ്യാൻ മേപ്പാടി, ചൂരൽമല മേഖലകളിൽ പ്രത്യേക ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. വയനാട് മണ്ഡലത്തിൽ 14,71,742 വോട്ടർമാരാണുള്ളത്.

ചേലക്കര മണ്ഡലത്തിൽ 2,13,103 വോട്ടർമാരാണുള്ളത്. ചേലക്കരയിൽ 180 പോളിങ് ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. മണ്ഡലത്തിൽ 14 പ്രശ്നബാധിത ബൂത്തുകളാണുള്ളത്. ഇവിടെ മൈക്രോ ഒബ്സർവർമാരെ നിയമിച്ചിട്ടുണ്ട്. വെബ്‌കാസ്റ്റിംഗ് സംവിധാനം, വീഡിയോഗ്രാഫർ, പോലീസ് സുരക്ഷ എന്നിവ ഉറപ്പാക്കും. ബൂത്തുകളിൽ പ്രവേശിക്കുന്ന ഓരോ വോട്ടറും വോട്ട് രേഖപ്പെടുത്താൻ എത്തുന്നതും രജിസ്‌റ്റർ ചെയ്‌ത് പുറത്തിറങ്ങുന്നതും മുതൽ ചിത്രീകരിക്കും.

പ്രതീക്ഷിച്ച വിജയം നേടിയില്ല, പോരായ്മ കണ്ടെത്തി തിരുത്തും; എല്‍ഡിഎഫിനുണ്ടായ കനത്ത തിരിച്ചടിക്ക് പ്രതികരണവുമായി മുഖ്യമന്ത്രി ... #Pinarayi_Vijayan

 


ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ കനത്ത തിരിച്ചടിക്ക് പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്നും പോരായ്മകള്‍ കണ്ടെത്തി അവ പരിഹരിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് 2024-ലോക്‌സഭ തെരഞ്ഞടുപ്പ് ഫലമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.. മാധ്യമങ്ങളില്‍ വലിയൊരു വിഭാഗത്തിന്റെയും ഭരണസംവിധാനങ്ങളുടെയും കേന്ദ്ര ഏജന്‍സികളുടെയും പണക്കൊഴുപ്പിന്റെയും പിന്തുണയോടെ നടത്തിയ പ്രചരണങ്ങളെല്ലാം ജനങ്ങള്‍ തള്ളി എന്നാണ് ബിജെപിക്ക് കേവലഭൂരിപക്ഷം നഷ്ടപ്പെട്ട തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. വര്‍ഗീയതയും വിഭാഗീയതയും ഉയര്‍ത്തി ജനങ്ങളെ വിഘടിപ്പിച്ച് സുരക്ഷിതമായി മുന്നോട്ടുപോകാം എന്ന വ്യാമോഹമാണ് ഇന്ത്യന്‍ ജനത തകര്‍ത്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

'കേരളത്തില്‍ എല്‍ഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല. 2019 ലേതിന് ഏറെക്കുറെ സമാനമായ ഫലമാണുണ്ടായത്. ജനവിധി അംഗീകരിച്ചും ആഴത്തില്‍ പരിശോധിച്ചും ആവശ്യമായ തിരുത്തലുകള്‍ വരുത്തിയും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവോടെ നടപ്പാക്കും. പോരായ്മകള്‍ കണ്ടെത്തി അവ പരിഹരിക്കും. സര്‍ക്കാരിനെതിരെ സംഘടിതമായി നടക്കുന്ന കുപ്രചരണങ്ങളെ പ്രതിരോധിക്കാനും ജനങ്ങള്‍ക്കുള്ള തെറ്റിദ്ധാരണകള്‍ നീക്കാനുമുള്ള ശ്രമങ്ങളും ശക്തമാക്കും.

തൃശൂര്‍ മണ്ഡലത്തില്‍ ബിജെപി നേടിയ വിജയം ഗൗരവത്തോടെ കാണുകയാണ്. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മാതൃകയായ നമ്മുടെ നാട്ടില്‍ ബിജെപി ആദ്യമായി ലോക്‌സഭ മണ്ഡലം വിജയിച്ചത് വിമര്‍ശനാത്മകമായി വിലയിരുത്തേണ്ടതുണ്ട്. അതിന് മതനിരപേക്ഷ -ജനാധിപത്യ വിശ്വാസികളാകെ തയ്യാറാകേണ്ടതാണ്. ആ ഉത്തരവാദിത്തം കൃത്യമായി നിര്‍വഹിച്ചും മതനിരപേക്ഷ മൂല്യങ്ങള്‍ക്കായി സമര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിച്ചും ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടു പോകും' മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ജനങ്ങളെ ചേര്‍ത്തു നിര്‍ത്തി നാടിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായി അടിയുറച്ച നിലപാടുകളുമായി മുന്നേറുന്നതിനുള്ള സമഗ്രവും സൂക്ഷ്മതലത്തിലുള്ളതുമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്ത ജനങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നു. ജനാധിപത്യം സംരക്ഷിക്കപ്പെടണമെന്ന ഉറച്ച നിലപാടില്‍ ബിജെപിക്കെതിരെ വോട്ടുചെയ്ത രാജ്യത്താകെയുള്ള സമ്മതിദായകരെ അഭിവാദ്യം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


കേരളത്തിൽ യുഡിഎഫ് മുന്നേറ്റം, സുരേഷ് ഗോപിയിലൂടെ അക്കൗണ്ട് തുറന്ന് ബിജെപി... Election2024

 

 

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തില്‍ 18 ഇടങ്ങളിൽ യുഡിഎഫിന് മുന്നേറ്റം. സസ്പെൻസായി തുടർന്ന ആറ്റിങ്ങലിലും ജനം യുഡിഎഫിനെ കൈവിട്ടില്ല. ഇതോടെ കേരളത്തിൽ എൽഡിഎഫ് ആലത്തൂരിൽ മാത്രമായി ഒതുങ്ങി. നേരിയ ഭൂരിപക്ഷത്തിലാണ് (1708) അടൂർ പ്രകാശ് വിജയിച്ചത്. തൃശൂരിൽ സുരേഷ് ഗോപിയിലൂടെ ബിജെപിയും അക്കൗണ്ട് തുറന്നു. തിരുവനന്തപുരത്ത്  ശശി തരൂറും വിജയിച്ചു. 

'വാഗ്ദാനങ്ങൾ പാലിക്കും '; വോട്ടർമാരോട് നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി... #Election2024

ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഈ വിധിയെഴുത്ത് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള വേട്ടയാടലിനെതിരെയാണ്. ഇന്ത്യൻ ജനത അവരുടെ ജനാധിപത്യത്തെ സംരക്ഷിക്കാൻ വേണ്ടിയുള്ള പോരാട്ടമാണ് നടത്തിയത്. പോരാട്ടം ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെയല്ല. തെരഞ്ഞെടുപ്പ് ഫലം മോദിക്കുള്ള വലിയ സന്ദേശമാണ്. വാഗ്ദാനങ്ങൾ പാലിക്കുമെന്നും രാഹുൽ വ്യക്തമാക്കി. മോദി പോയപ്പോൾ അദാനിയും പോയെന്നും അദാനിയുടെ സ്റ്റോക്ക് നോക്കൂവെന്നും രാഹുൽ പറഞ്ഞു.

ഇന്ത്യാ മുന്നണി 230 സീറ്റിലധികം മുന്നേറിയ സാഹചര്യത്തിൽ സർക്കാർ രൂപീകരണം സംബന്ധിച്ച് നാളെ ചേരുന്ന ഇന്ത്യാ മുന്നണി യോഗത്തിൽ ചർച്ച ചെയ്യുമെന്ന് രാഹുൽ ഗാന്ധി. ഇത് സംബന്ധിച്ച് ഒരു തീരുമാനവും നിലവിൽ കൈക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ ലോക്സഭ തെരഞ്ഞെടുപ്പിലേത് ജനങ്ങളുടെ വിജയമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ജനവിധി മോദിക്കെതിരാണെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി മോദിക്കായി വോട്ട് ചോദിച്ചു. കോൺഗ്രസ് സാധാരണക്കാരുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി. പ്രതികൂല സാഹചര്യത്തിലാണ് കോൺഗ്രസ് വിജയിച്ചതെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.രാഹുൽ ഗാന്ധിയുടെ യാത്രകൾ കോൺഗ്രസിന് ഊർജം നൽകി. ഒരുമിച്ച് പ്രവർത്തിച്ച ഇൻഡ്യ മുന്നണി നേതാക്കൾക്ക് നന്ദിയെന്നും ഖാർഗെ വ്യക്തമാക്കി.

ഇടുക്കിയും സ്വന്തമാക്കി യുഡിഎഫ്... #Election2024

 ഇടുക്കിയും സ്വന്തമാക്കി യുഡിഎഫ്.ഡീൻ കുര്യാക്കോസ് 131154 വോട്ടുകൾക്കാണ് വിജയിച്ചത്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0