ആഹ്ലാദനൃത്തത്തിൽ, ആവേശം നിറച്ച് കൊട്ടിക്കലാശത്തിന് തിരശീല വീണു... # ElectionNews

സംസ്ഥാനത്ത് ഒന്നര മാസത്തിലേറെ നീണ്ടുനിന്ന ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് തിരശ്ശീല വീണത്. ഓരോ മണ്ഡലത്തിലും ശക്തമായ പോരാട്ടം ഉണ്ടാകുമെന്ന് വ്യക്തമാക്കുന്നതായിരുന്നു മുന്നണികളുടെ ശക്തിപ്രകടനം. ഇനി അവശേഷിക്കുന്നത് നിശബ്ദ പ്രചാരണം മാത്രമാണ്. വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പരമാവധി വോട്ട് ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർഥികൾ. ഒട്ടുമിക്ക മണ്ഡലങ്ങളിലും സ്ഥാനാർഥികൾ ക്രെയിനിലെത്തി അണികളെ അഭിവാദ്യം ചെയ്യുന്ന കാഴ്ച ആവേശകരമായിരുന്നു.

  ചുട്ടുപൊള്ളുന്ന വേനൽച്ചൂടിലും ഊർജം ചോരാതെ നടത്തിയ പ്രചാരണം ആവേശത്തോടെയാണ് അവസാനിച്ചത്. ജില്ലാ ആസ്ഥാനങ്ങളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും പ്രചാരണ പതാകകൾ താഴ്ത്തി. സ്ഥാനാർഥികളും പ്രവർത്തകരും ഒത്തുകൂടിയതോടെ അന്തരീക്ഷം മാറി. പാട്ടുകളും മുദ്രാവാക്യങ്ങളും താളങ്ങളും മുഴങ്ങി. നിറമുള്ള കടലാസുകളും നിറമുള്ള ബലൂണുകളും കാറ്റിൽ പറന്നു. വാനിൽ പതാക ഉയർന്നു.
ശക്തി തെളിയിക്കാൻ മുന്നണികൾ മത്സരിച്ചു. മൈക്ക് അനൗൺസ്‌മെൻ്റ്, കുടുബ പൊതുയോഗങ്ങൾ, റോഡ്‌ഷോ എന്നിവയുമായി ദിവസങ്ങൾ നീണ്ട പ്രചാരണത്തിന് ഒടുവിൽ ആവേശകരമായ ഫ്ലാഗ് ഓഫ്. ദേശീയ-പ്രാദേശിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന നിർണായക തിരഞ്ഞെടുപ്പിൽ ഇരുപതില്‍ ഇരുപത് സീറ്റും അവകാശപ്പെടുകയാണ് യുഡിഎഫും എല്‍ഡിഎഫും . അക്കൗണ്ട് തുറക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപിയും. നിശ്ശബ്ദ പ്രചാരണം ആരംഭിക്കുമ്പോൾ അടിയൊഴുക്കിനെ അനുകൂലിക്കാൻ സ്ഥാനാർത്ഥികൾ താൽപ്പര്യപ്പെടുന്നു.