ബ്രീത്ത് അനലൈസർ പരിശോധന ഫലം കണ്ടു ; അപകടങ്ങള്‍ കുറഞ്ഞു , ഗണേഷ് കുമാറിന് കൈയ്യടി ... #KeralaNews


 ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറിൻ്റെ നിർദേശപ്രകാരം തുടർച്ചയായി ബ്രീത്ത് അനലൈസർ പരിശോധനയും കർശന നടപടികളും സ്വീകരിച്ചതോടെ കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടുന്ന അപകടങ്ങളിൽ ഗണ്യമായ കുറവുണ്ടായതായി കെ.എസ്.ആർ.ടി.സി. കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ ലഹരി പരിശോധനയിലും പോസിറ്റീവ് ഫലത്തിൽ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. കെഎസ്ആർടിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വിവരം അറിയിച്ചത്

ഡ്യൂട്ടിക്ക് വരുന്ന സ്ത്രീകളൊഴികെ എല്ലാ ജീവനക്കാരെയും ബ്രീത്ത് അനലൈസർ ഉപയോഗിച്ച് പരിശോധിച്ച് ജീവനക്കാർ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമേ ഡ്യൂട്ടിക്ക് നിയോഗിക്കാവൂ എന്ന് കെഎസ്ആർടിസി ഉത്തരവിറക്കിയിരുന്നു.

എപ്പോഴും പൊതുജനങ്ങളുമായി നേരിട്ട് ഇടപെടേണ്ട കെഎസ്ആർടിസി ജീവനക്കാർക്ക് അച്ചടക്കവും മാന്യമായ പെരുമാറ്റവും വളരെ പ്രധാനമാണ്. അതിനാല് പൊതുഗതാഗത മേഖലയില് ജോലി ചെയ്യുന്ന ജീവനക്കാര് ഡ്യൂട്ടിക്കിടെ ഏതെങ്കിലും തരത്തിലുള്ള ലഹരി വസ്തുക്കള് ഉപയോഗിക്കുന്നത് അനുവദിക്കാനാകില്ല.

ഇതിൻ്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസിയുടെ വിജിലൻസ് സംഘം 07.04.2024 മുതൽ പ്രത്യേക സർപ്രൈസ് ഇൻവെസ്റ്റിഗേഷൻ പ്രോഗ്രാം ആരംഭിച്ചിരുന്നു. ബ്രീത്ത് അനലൈസർ പരിശോധനയിൽ 137 ജീവനക്കാർ മദ്യലഹരിയിലാണെന്നും മദ്യം കൈവശം വെച്ചിട്ടുണ്ടെന്നും കണ്ടെത്തി. ഗതാഗത മേഖലയിലെ പ്രത്യേകിച്ച് പൊതുഗതാഗത മേഖലയിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷ സർക്കാരിൻ്റെയും മാനേജ്മെൻ്റിൻ്റെയും ഉത്തരവാദിത്തമാണെന്ന് കെഎസ്ആർടിസി അറിയിച്ചു.